കോഴിക്കോട്: കെഎസ്‌ആര്‍ടിസിയില്‍ ബസ്സ് നിര്‍മ്മാണം പ്രതിസന്ധിയില്‍. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. 24 മണിക്കൂറിനുള്ളില്‍ കോഴിക്കോട്ട് പിരിച്ച് വിട്ടത് 40 ഓളം താല്‍ക്കാലിക ജീവനക്കാരെ. കെഎസ്‌ആര്‍ടിസി യുടെ അഞ്ച് റീജ്യണല്‍ വര്‍ക്ക്ഷോപ്പുകളിലും ഇപ്പോള്‍ ബസ്സ് ബോഡിനിര്‍മ്മാണം പാടെ നിലച്ചമട്ടാണ്. ഒരു വര്‍ഷം ആയിരം പുതിയ ബസ്സുകള്‍ പുറത്തിറക്കുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനമിരിക്കെയാണ്,അതിനാകാതെ കോര്‍പ്പറേഷന്‍ പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഏറെ പണിപ്പെട്ടാണെങ്കിലും 600-700 ബസ്സുകളെങ്കിലും പുറത്തിറക്കിയിരുന്നു. എന്നാല്‍ 2010 ഓടെ ഈ നിലയിലേക്കെത്താന്‍ പോലും സാധിച്ചിട്ടില്ല. ആ വര്‍ഷത്തിന്റെ പകുതിയോടെ വര്‍ക്ക്ഷോപ്പുകളില്‍ ചേസിസിന്റെ ലഭ്യത തീരെ കുറഞ്ഞു. ഇതോടെ ബോഡി നിര്‍മ്മാണം മന്ദഗതിയിലായി.
ഇപ്പോള്‍ അഞ്ച് വര്‍ക്ക് ഷോപ്പുകളിലുമായി 25 ല്‍ താഴെ ബസ്സുകളുടെ നിര്‍മ്മാണ പ്രവൃത്തിയാണത്രെ നടക്കുന്നത്. കോഴിക്കോട് വര്‍ക്ക്ഷോപ്പില്‍ ഒരു ബസ്സിന്റെ നിര്‍മ്മാണമേ നടക്കുന്നുള്ളൂ. തിരുവനന്തപുരം സെന്റര്‍,ആലുവ,എടപ്പാള്‍, കോഴിക്കോട്, മാവേലിക്കര എന്നിവിടങ്ങളിലാണ് കെഎസ്‌ആര്‍ടിസിയുടെ റീജ്യണല്‍ വര്‍ക്ക്ഷോപ്പുകള്‍ ഉള്ളത്.
ചേസിസ് ആവശ്യത്തിന് എത്തിക്കാത്തതാണ് ബസ് നിര്‍മ്മാണത്തെ ബാധിക്കുന്നത്. ചേസിസിന്റെ വിലയില്‍ വന്‍ വര്‍ദ്ധനവുണ്ടായതിനാല്‍ തല്‍ക്കാലം വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണത്രെ മാനേജ്മെന്റ് .ഒരു ചേസിസിന് രണ്ടരലക്ഷം രൂപയുടെ വര്‍ധനവാണത്രെ ഉണ്ടായത്. ശമ്പളവും പെന്‍ഷനും കൊടുക്കാനാകാതെ വിഷമിച്ചിരുന്ന കെഎസ്‌ആര്‍ടിസിക്ക് അധിക വിലകൊടുത്ത് ചേസീസ് വാങ്ങുന്നത് ദുരന്തമാകുമെന്ന നിലപാടാണ് മാനേജ്മെന്റിന്.
ഈ സാഹചര്യത്തിലാണ് ബസ്സ് നിര്‍മ്മാണത്തിനായി അഞ്ച് വര്‍ക്ക്ഷോപ്പുകളിലും നിയോഗിച്ച എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ അധികൃതര്‍ നീക്കം നടത്തുന്നത്. ഇതിന്റെ ആദ്യ പടിയാണ് കോഴിക്കോട്ടുണ്ടായത്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് പിരിച്ചുവിടല്‍. വ്യാഴാഴ്ച വൈകുന്നേരം 3.50 ന് 40 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായുളള അറിയിപ്പ് നോട്ടീസ് ബോര്‍ഡില്‍ പതിക്കുകയായിരുന്നു.
Discussion about this post