ബംഗളുരു: ബംഗളുരുവിലും കാവേരി നദീതട ജില്ലകളിലും കര്‍ണാടക സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.
നേരത്തെ, ഡിസംബര്‍ വരെ തമിഴ്‌നാടിന് കാവേരി നദി ജലം നല്‍കാനാവില്ലെന്ന് കര്‍ണാടക സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ പറ്റില്ലെന്നും റിസര്‍വോയറില്‍ ആവശ്യത്തിന് വെള്ളമില്ലെന്നും തമിഴ്‌നാടിന് വെള്ളം നല്‍കിയാല്‍ ബംഗളുരുവിലും കാവേരി മേഖലയിലും കുടിവെള്ള വിതരണം താളം തെറ്റുമെന്നും കര്‍ണാടക സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.












