ആലപ്പുഴ: 14 ജില്ലകളില്‍ കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കായംകുളം സി.പി.സി.ആര്‍.ഐ. പ്രാദേശിക കേന്ദ്രത്തില്‍ ദേശീയ കര്‍ഷക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതില്‍ നാലു ജില്ലകളില്‍ നാളികേര അധിഷ്ഠിതമായ അഗ്രോ പാര്‍ക്കുകളാണ് തുടങ്ങുക. കാര്‍ഷിക വിളകളുടെ മൂല്യ വര്‍ധിത ലക്ഷ്യമിട്ടുള്ള ഒരു ദേശീയ ശില്പശാല നവംബര്‍ അവസാനം കേരളത്തില്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കയറ്റുമതിയുമായി ബന്ധപ്പെട്ട പരിഗണനയിലുള്ള വ്യവസ്ഥകള്‍ രൂപപ്പെടുത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാറുമായി കൂടിയലോചിക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. നാളികേരത്തെ സെന്‍സിറ്റീവ് കമോഡിറ്റിയായി പരിഗണിക്കണമെന്നതാണ് കേരളത്തിലെ ജനാധിപത്യപരമായ ആവശ്യം. കേന്ദ്ര ഗവേഷണ കേന്ദ്രങ്ങളും കേരളത്തിലെ കൃഷി വകുപ്പ് ഓഫീസുകളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പാമോയിലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കണമെന്നും കേരളത്തിനായി ഒരു സാങ്കേതികത്വ പദ്ധതി നടപ്പക്കാണമെന്നും ചടങ്ങില്‍ സംസാരിച്ച കെ.സി.വേണുഗോപാല്‍ എം.പി.പറഞ്ഞു. ഗുണനിലവാരമുള്ള തെങ്ങിന്‍തൈയുടെ അഭാവം കേരളത്തിലെ നാളികേര കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി. ചടങ്ങില്‍ നാളികേര കര്‍ഷകര്‍ക്കായിട്ടുള്ള ‘ഇകല്‍പ്പ’ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനും നാളികേര മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളായ കല്‍പ്പ ക്രെഞ്ച്, കല്‍പ്പ ഷുഗര്‍ എന്നിവയുടെ പുറത്തിറിക്കലും കേന്ദ്രമന്ത്രി നിര്‍വഹിച്ചു. വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനം കേന്ദ്ര മന്ത്രിക്ക് നല്‍കി സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാറും കെ.സി.വേണുഗോപാല്‍ എം.പിയും നിര്‍വഹിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.എന്‍. ശിവദാസന്‍, അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ രാജു നാരായണ സ്വാമി, കൃഷി ഡയറക്ടര്‍ ബിജു പ്രഭാകര്‍, ഐ.സി.എ.ആര്‍സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ.പി.ചൗഡപ്പ, കായംകുളം പ്രാദേശിക കേന്ദ്രം മേധാവി ഡോ.വി.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
Discussion about this post