കൊല്ലം: അഞ്ചു വര്‍ഷം കൊണ്ട് പുതിയ സംരംഭങ്ങള്‍ വഴി സഹകരണ മേഖലയില്‍ ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി എ സി മെയ്തീന്‍ അറിയിച്ചു. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സഹകരണ ജീവനക്കാരുടെ മക്കള്‍ക്ക് കോഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തൊഴില്‍ മേഖലകളിലേക്ക് സഹകരണ പ്രസ്ഥാനത്തിന്റെ സേവനം വ്യാപിപ്പിക്കും. സഹകരണ മേഖലയിലെ നിക്ഷേപത്തെ സംസ്ഥാനത്തിന്റെ സാമ്പത്തിക വികാസത്തിന് ഫലപ്രദമായി വിനിയോഗിക്കുന്നതിന് നടപടി സ്വീകരിക്കും. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം കൃത്യതയോടെ നിര്‍വഹിച്ചതിലൂടെ 25 ലക്ഷം കുടുംബങ്ങളിലേക്ക് കൂടി സഹകരണ പ്രസ്ഥാനത്തിന് കടന്ന് ചെല്ലാന്‍ കഴിഞ്ഞിട്ടുണ്ട്. പുതിയ നിക്ഷേപങ്ങള്‍ ആര്‍ജ്ജിക്കുന്നതിന് പെന്‍ഷന്‍ വിതരണത്തിലൂടെ നേടിയ വിശ്വാസ്യത സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും അഭിമാനബോധവും വളര്‍ത്താന്‍ ഉപകരിക്കുന്നതാണ് അവാര്‍ഡ്ദാന ചടങ്ങെന്ന് ചടങ്ങില്‍ അധ്യക്ഷം വഹിച്ച എം മുകേഷ് എം എല്‍ എ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 151 വിദ്യാര്‍ഥികള്‍ കാഷ് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, വെല്‍ഫെയല്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ രാജഗോപാല്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി രാജന്‍, മുന്‍ എം പി പി.രാജേന്ദ്രന്‍, സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പത്മകുമാര്‍, ഭരണ സമതി അംഗങ്ങളായ കെ എന്‍ നാരായണന്‍, കെ പി വത്സലന്‍, എം എ ഹാരീഷ് ബാബു, സി ചന്ദ്രബാബു, പി മുകുന്ദന്‍, എം ബാലകൃഷ്ണന്‍, അഡീഷണല്‍ രജിസ്ട്രാര്‍ എന്‍ കെ വിജയന്‍, അസി. രജിസ്ട്രാര്‍ പ്രവീണ്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു
Discussion about this post