തിരുവനന്തപുരം: പരിസ്ഥിതിക്ക് നാശമുണ്ടാവാതെ സാധാരണക്കാര്‍ക്ക് ഗുണപ്രദമായ സേവനങ്ങള്‍ ഒരുക്കുന്ന സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കാന്‍ ഗവേഷണങ്ങള്‍ക്കാവണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്‌ളിനറി സയന്‍സ് ആന്റ് ടെക്‌നോളജിയുടെ സ്ഥാപകദിനാഘോഷത്തിന്റെ ഉദ്ഘാടനവും സി.വി. രാമന്‍ പ്രതിമയുടെ അനാച്ഛാദനവും നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
പൊതുസമൂഹത്തില്‍നിന്ന് ശാസ്ത്രജ്ഞരും ഗവേഷകരും അകന്നുനില്‍കുന്ന പ്രവണതയ്ക്ക് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രലോകമാണ് ഗവേഷണങ്ങള്‍ വിലയിരുത്തേണ്ടതും പ്രവൃത്തിപഥത്തില്‍ എത്തിക്കേണ്ടതും. എന്നാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹം അറിയാതെപോകുന്നതിനാല്‍ പല ഗവേഷണസ്ഥാപനങ്ങളും ഫലപ്രദമല്ലെന്ന ധാരണ അവരിലുണ്ടാകും. ശാസ്ത്രസാങ്കേതികനേട്ടങ്ങളാണ് ഏതൊരു സമൂഹത്തിന്റെയും വളര്‍ച്ചയുടേയും ആണിക്കല്ല്. ഭക്ഷണവും ജലവും ആരോഗ്യസേവനങ്ങളും സാധാരണക്കാര്‍ക്ക് താങ്ങാവുന്നചെലവില്‍ ലഭ്യമാക്കാനാവണം. സാധാരണക്കാര്‍ക്കും ഉപയോഗിക്കാവുന്ന ഗവേഷണഫലങ്ങളാകണം ഗവേഷണസ്ഥാപനങ്ങള്‍ സമൂഹത്തിന് നല്‍കേണ്ട സന്ദേശമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സി.എസ്.ഐ.ആര്‍ ഡയറക്ടര്‍ ഡോ. എ. അജയഘോഷ് സ്വാഗതവും ചീഫ് സയന്റിസ്റ്റ് ഡോ.എ. സുന്ദരേശന്‍ നന്ദിയും പറഞ്ഞു
Discussion about this post