ദുബായ്: സര്‍ക്കസും മാജിക്കും സമന്വയിപ്പിച്ച് മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന സര്‍ക്കസ് കാസില്‍ തിരുവനന്തപുരത്ത് ഈ മാസം 31 ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ് സര്‍ക്കസ് കാസിലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കന്നത്. അന്യം നിന്നുപോകുന്ന സര്‍ക്കസ് കലയെ പുനരുജ്ജീവിപ്പിക്കാനും മാജിക് കലാകാരന്മാരെ പുനരധിവസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഗോപിനാഥ് മുതുകാട് സര്‍ക്കസ് കാസിലിന് തുടക്കം കുറിച്ചത്. ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗോപിനാഥ് മുതുകാട് പുതിയ സംരംഭത്തെക്കുറിച്ച് വ്യക്തമാക്കിയത്. മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ ആരംഭിച്ച മാജിക് പ്ലാനറ്റില്‍ സര്‍ക്കസ് കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കസ് കാസില്‍ പ്രവര്‍ത്തിക്കുക.
ഈ സര്‍ക്കസ് തമ്പ് ഭാരതത്തിലെ സര്‍ക്കസ് അഭ്യാസ കാഴ്ചകള്‍ക്കുള്ള സ്ഥിരം വേദിയാകും. കലാകാരന്മാരെ കുടുംബത്തോടൊപ്പം താമസിപ്പിച്ച് അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കി ഒരു കലാഗ്രാമം തീര്‍ക്കാനുള്ള സ്വപ്നത്തിലാണ് താനെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. കേരള സര്‍ക്കസിന്റെ പിതാവ് കീലേരി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് സര്‍ക്കസ് കാസില്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post