തിരുവനന്തപുരം: സംസ്ഥാനത്തെ ഭവന രഹിതര്‍ക്കെല്ലാം വീടു നിര്‍മിച്ചു നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന എംപി മാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാനാഗ്രഹിക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ എല്ലാ എംപി മാരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമം പാസാക്കുന്നതോടൊപ്പം സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ എം.പി.മാരുടെ കൂട്ടായ ഇടപെടലുണ്ടാവണം. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്പിന് സഹായകമായ വിധത്തില്‍ കേന്ദ്രം നിലപാടുകള്‍ സ്വീകരിക്കുന്നില്ലെന്ന കാര്യവും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
സംസ്ഥാനത്ത് വീടും സ്ഥലവുമില്ലാത്ത രണ്ടുലക്ഷത്തോളം കുടുംബങ്ങളാണുള്ളത്. സ്ഥലലഭ്യത കുറവായതിനാല്‍ ബഹുനിലക്കെട്ടിടങ്ങള്‍ നിര്‍മിച്ച് ഇവരെ പുനരധിവസിപ്പിക്കും. സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ ഒരുവീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കണം. കുട്ടികള്‍ക്ക് പഠിക്കാനും വൃദ്ധര്‍ക്കും രോഗികള്‍ക്കും പടിക്കെട്ടുകള്‍ കയറുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്ന തരത്തില്‍ ലിഫ്റ്റ് പോലുള്ള സാങ്കേതിക സൗകര്യങ്ങളുള്ള ബഹുനിലക്കെട്ടിടങ്ങളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. സംസ്ഥാനം വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വേനലിന്റെ കാഠിന്യം നേരിടാന്‍ ജലസ്രോതസ്സുകള്‍ വീണ്ടെടുക്കുക, കിണറുകള്‍ സംരക്ഷിക്കുക, മഴവെള്ളം സംരക്ഷിക്കുക തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്. പുതിയ വീടുകള്‍ നിര്‍മിക്കുമ്പോള്‍ മഴവെള്ള സംഭരണികള്‍ നിര്‍ബന്ധമായും നിര്‍മിക്കണമെന്ന നിബന്ധന കൊണ്ടുവരും. വിദ്യാഭ്യാസമേഖലയില്‍ ഒന്നുമുതല്‍ 12 വരെയുള്ള എല്ലാ ക്ലാസുകളിലെയും വിദ്യാഭ്യാസം മെച്ചപ്പെടുത്തും. ഇതിനായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യവും പഠന നിലവാരവും മെച്ചപ്പെടുത്തും.
വെളിയിടവിസര്‍ജന രഹിത സംസ്ഥാനമായി കേരളം മാറുന്നതോടൊപ്പം ഹരിതകേരളം പദ്ധതിയിലൂടെ പൊതുസ്ഥലങ്ങള്‍ ശുചിത്വമുള്ളതായി സംരക്ഷിക്കാനും പദ്ധതിയുണ്ട്. കാര്‍ഷികമേഖലയില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട ധനസഹായത്തില്‍ പകുതി പോലും ലഭിക്കുന്നില്ല. നൂറു ശതമാനം കേന്ദ്രസഹായം ലഭിച്ചിരുന്ന പല പദ്ധതികളുടെയും തുക പകുതിയായി വെട്ടിക്കുറച്ചത് പൂര്‍വസ്ഥിതിയിലാക്കാന്‍ അംഗങ്ങള്‍ ഒരുമിച്ചു പോരാടണം. മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മണ്ണെണ്ണ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാകണം. തെരുവുനായ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കും.
ഗ്രീന്‍ പവര്‍ കോറിഡോര്‍ പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തുക, ഇറക്കുമതി പ്രകൃതി വാതകം ദീര്‍ഘകാലത്തേക്ക് കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുക, ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകളുടെ എണ്ണവും തുകയും വര്‍ധിപ്പിക്കുക, രാജീവ് ഗാന്ധി അക്കാഡമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയുടെ മേല്‍ ചുമത്തുന്ന സര്‍വീസ് ടാക്‌സ് നിര്‍ത്തലാക്കുക, വിനോദ സഞ്ചാര മേഖലയ്ക്ക് പ്രയോജനപ്പെടത്തക്കവിധത്തില്‍ കൂടുതല്‍ അന്തര്‍ദേശീയ, ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുക തുടങ്ങിയ വിവിധ വകുപ്പുകളുടെ ആവശ്യങ്ങള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ യോഗത്തില്‍ ഉന്നയിച്ചു. എം.പി മാരെയും മന്ത്രിമാരെയും കൂടാതെ വകുപ്പുതല ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post