തിരുവനന്തപുരം: സംസ്ഥാനത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വര്‍ധിക്കണമെങ്കില്‍ പുതിയ ടൂറിസം ഉത്പന്നങ്ങള്‍ പരിചയപ്പെടുത്താനും വിപണന സാധ്യതകള്‍ ഉണ്ടാക്കാനും കഴിയണമെന്ന് ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.
സ്‌പൈസ് റൂട്ട് പദ്ധതി, കൊച്ചി ബിനാലെ എന്നിവയൊക്കെ ഇത്തരം ഉത്പന്നങ്ങളുടെ ഉദാഹരണങ്ങളാണ്. നാടിന്റെ പൊതുവളര്‍ച്ചയ്ക്ക് കേരള ടൂറിസം ബ്രാന്‍ഡ് ഉപയോഗപ്പെടുത്താന്‍ കഴിയണം. അഞ്ചു വര്‍ഷംകൊണ്ട് നാലുലക്ഷം തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ സൃഷ്ടിക്കണമെന്നാണ് ആഗ്രഹം. സാഹസിക ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി യുവാക്കളെ ആകര്‍ഷിക്കാനുള്ള പരിശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകോത്സവത്തിനോടനുബന്ധിച്ച് വി.ജെ.ടി ഹാളില്‍ ടൂറിസം, പൈതൃകസംരക്ഷണം, വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൈതൃക സംരക്ഷണത്തിന് വ്യാപകമായ ജനപങ്കാളിത്തം വേണമെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന വിനോദസഞ്ചാരനയം തുടരാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏകോപനം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായിരുന്നു. ഡോ.എന്‍.ബാബു, രൂപേഷ് കുമാര്‍.കെ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഡോ.ബി.വിജയകുമാര്‍ രചിച്ച ടൂര്‍ ഗൈഡിംഗ് എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
Discussion about this post