തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ, സംസ്ഥാനപാതകളുള്‍പ്പെടെ എല്ലാ റോഡുകളുടെയും നിര്‍മാണത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ ഗതാഗതവകുപ്പ്, റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഗതാഗത സുരക്ഷ ശില്പശാല മാസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന, ജില്ലാ, നിയോജകമണ്ഡല അടിസ്ഥാനത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള, എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകളാവും ഓഡിറ്റ് നിര്‍വഹിക്കുക. ചര്‍ച്ച ചെയ്തതുപോലെതന്നെയാണോ നിര്‍മാണം എന്ന് ഇതുവഴി പരിശോധിക്കപ്പെടും. സംസ്ഥാനം മുഴുവന്‍ ശ്രദ്ധിക്കുന്നു എന്ന് വരുമ്പോള്‍ സാമ്പത്തികലാഭവും നിര്‍മാണത്തില്‍ സുതാര്യതയും ഉണ്ടാവും.
മെയിന്റനന്‍സ് ചീഫ് എന്‍ജിനീയറുടെ കീഴില്‍ മെയിന്റനന്‍സ് വിംഗ് രൂപീകരിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ജൂലൈ ഒന്‍പതിന് ചേര്‍ന്ന എന്‍ജിനീയര്‍മാരുടെ ഏകദിന കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ച പുതിയ നിര്‍മാണനയമാണ് പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. മെയിന്റനന്‍സ് കരാര്‍ കാലാവധി ഏഴുവര്‍ഷമെന്നത് പത്തുവര്‍ഷമാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും. റോഡ് സുരക്ഷാ വിഭാഗം കാലത്തിനനുസരിച്ച് മാറണമെന്നും മന്ത്രി പറഞ്ഞു.
എവിടെയാണോ റോഡ് സുരക്ഷയ്ക്ക് പ്രശ്‌നങ്ങളുള്ളതെന്ന് കണ്ടുപിടിച്ച് പരിഹാരം കാണാന്‍ കഴിയണം. അല്ലാതെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാകരുത്. പൊതുമരാമത്ത് വകുപ്പ്, പൊലീസ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, റവന്യൂ ഉള്‍പ്പെടെ വിവിധ വകുപ്പുകളെല്ലാം ഒന്നിച്ചുനിന്നാലേ ഇത് നടക്കൂ. റോഡുകള്‍ കൈയേറാനുള്ളതാണെന്ന സങ്കല്പം മാറണം. ഇക്കാര്യത്തിലുള്ള നിയമരാഹിത്യവും താന്‍പ്രമാണിത്തവും മാറേണ്ടതുണ്ട്. പൊതുമരാമത്ത് വകുപ്പില്‍നിന്ന് അഴിമതി പൂര്‍ണമായും തുടച്ചുനീക്കുമെന്നും മന്ത്രി പറഞ്ഞു.
ലോകബാങ്ക് ടാസ്‌ക് ടീം ലീഡര്‍ ബെര്‍ണാഡ് അരിടുവാ, റോസ്‌മേരി റൗസ്, കെഎസ്ടിപി പ്രോജക്ട് ഡയറക്ടര്‍ ജെ.രവീന്ദ്രന്‍ എന്നിവരും സംസാരിച്ചു.
Discussion about this post