പത്തനംതിട്ട: സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റി സ്ഥാപിക്കുന്ന മുഴുവന്‍ ആര്‍.ഒ പ്ലാന്റുകളും ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനസജ്ജമാകുമെന്നും പ്രതിദിനം 6.60 ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ആര്‍.ഒ പ്ലാന്റുകളും വാട്ടര്‍ കിയോസ്‌കുകളും നേരില്‍കണ്ട് വിലയിരുത്തിയശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പമ്പയിലെ ഏഴ് ആര്‍.ഒ പ്ലാന്റുകളില്‍ രണ്ടെണ്ണം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. അയ്യായിരം ലിറ്ററിന്റെ പ്ലാന്റുകളാണിത്. നേരത്തെ സ്ഥാപിച്ച ആയിരം ലിറ്ററിന്റെ രണ്ടുവീതം പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പമ്പയുടെ തീരത്ത് 20 വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇതിലൂടെ ശുദ്ധജല വിതരണം തുടങ്ങി. ഗണപതി ക്ഷേത്രത്തിന് സമീപത്തും രണ്ട് കിയോസ്‌കുകളുണ്ട്. എല്ലാ കിയോസ്‌കുകളും പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് മന്ത്രി നേരിട്ട് പരിശോധിച്ചു. വെള്ളം കുടിച്ചുനോക്കുകയും ചെയ്തു. ശരംകുത്തിയിലെ ആര്‍.ഒ പ്ലാന്റിന്റെ പണി ഇന്ന് പൂര്‍ത്തിയാക്കണമെന്ന് മന്ത്രി കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കി. നിലയ്ക്കലില്‍ ആയിരം ലിറ്ററിന്റെ വീതം മൂന്നു പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്. നിലയ്ക്കലിലെ ടാങ്കുകളില്‍ വെള്ളം നിറയ്ക്കുന്നതിന് വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കും. ഇവിടെ വാഹനങ്ങള്‍ കഴുകുന്നതിനും മറ്റും ഈ ജലം ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനവും വരള്‍ച്ചയുമാണ് ജലവിഭവ വകുപ്പ് നേരിടുന്ന വലിയ വെല്ലുവിളിയെന്ന് മന്ത്രി പറഞ്ഞു. ദിവസവും 20 മണിക്കൂറെങ്കിലും ആര്‍.ഒ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
സന്നിധാനവും മന്ത്രി സന്ദര്‍ശിച്ചു. വാട്ടര്‍ അതോറിറ്റി എം.ഡി അജിത് പാട്ടീല്‍, ടെക്‌നിക്കല്‍ അംഗം ടി.രവീന്ദ്രന്‍, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജയിംസ്, വാട്ടര്‍ അതോറിറ്റിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.
Discussion about this post