കൊച്ചി: കൊച്ചിയില്‍ അരൂര്‍ കുമ്പളം പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട കാര്‍ കായലിലേക്ക് മറിഞ്ഞ് അഞ്ചു പേരെ കാണാതായി. ഇന്നു വൈകുന്നേരം ആറരയോടെയാണ് വാഹനം കായലിലേക്കു മറിഞ്ഞത്. അപകടത്തില്‍പ്പെട്ട നാലു പേരെ രക്ഷപ്പെടുത്തി.
നേപ്പാള്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി പനമ്പളളിനഗറിലെ ഒരു പന്തല്‍ അലങ്കാരസ്ഥാപനത്തിലെ ജീവനക്കാരാണിവര്‍. വാഹനം ഓടിച്ചിരുന്നത് മലയാളിയാണ്. വാഹനം അമിത വേഗതയിലായിരുന്നുവെന്നും, മുന്‍പേ പോയ ലോറിയിലിടിച്ചാണ് വാഹനം പാലത്തിന്റെ കൈവരി തകര്‍ത്ത് വേമ്പനാട്ടു കായലിലേക്ക് മറിഞ്ഞതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കായലില്‍ വീണ ഇവര്‍ നീന്തിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്നവരാണ് രക്ഷപ്പെടുത്തിയത്. ഇവരെ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീരദേശ പൊലീസിന്റെ പട്രോളിംഗ് ബോട്ടുകള്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. നേവിയുടെയും, കോസ്റ്റ് ഗാര്‍ഡിന്റെയും സഹായം രക്ഷാപ്രവര്‍ത്തനത്തിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആഴവും, അടിയൊഴുക്കുമുളള കായലിന്റെ മദ്ധ്യഭാഗത്തായാണ് കാര്‍ മറിഞ്ഞത്. വാഹനം വളരെപ്പെട്ടെന്ന് അടിത്തട്ടിലേക്കു താഴ്ന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടത്തേത്തുടര്‍ന്ന് അരൂര്‍ റൂട്ടില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് വിവരം. പ്രദേശത്ത് വൈദ്യുതിയില്ലാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.
Discussion about this post