തിരുവനന്തപുരം: സംസ്ഥാനത്തെ കശുവണ്ടി ഉത്പാദനം വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി 2500 ഏക്കറില്‍ കാഷ്യൂ ഗാര്‍ഡന്‍ രൂപീകരിക്കുമെന്ന് മത്സ്യബന്ധന കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. കശുവണ്ടി മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡുമായിട്ടുളള ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതികള്‍ക്കായി രണ്ട് ലക്ഷം കശുവണ്ടി തൈകളാണ് ആവശ്യമുളളത്. ഒരു ഹെക്ടറില്‍ 200 തൈകള്‍ നടാം. ഇതിനാവശ്യമായ തൈകള്‍ വകുപ്പ് സൗജന്യമായി ലഭ്യമാക്കും. തൈ നടുന്നതിനും സംരക്ഷിക്കുന്നതിനുമുളള സാങ്കേതിക പരിജ്ഞാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
നടുന്നതിനും മറ്റ് അനുബന്ധ ചെലവുകള്‍ക്കുമായി ഒരു തൈക്ക് 100 രൂപ നിരക്കില്‍ കര്‍ഷകന് സബ്‌സിഡിയായി നല്‍കും. ആദ്യ വര്‍ഷം 60 രൂപയും തൈ വളരുന്നതനുസരിച്ച് രണ്ടും മൂന്നും വര്‍ഷങ്ങളില്‍ 20 രൂപ വീതവും ലഭിക്കും. വച്ചുപിടിപ്പിക്കുന്ന തൈകള്‍ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് സബ്‌സിഡി മൂന്ന് വര്‍ഷമായി നല്‍കുന്നത്. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ വിളവെടുക്കാന്‍ കഴിയുന്ന ഗുണനിലവാരമുളള തൈകളാണ് നല്‍കുന്നത്. എഴുപത് ലക്ഷം രൂപയുടെ പദ്ധതിയാണ് ഇതിനായി വിഭാവനം ചെയ്തിട്ടുളളതെന്ന് മന്ത്രി വ്യക്തമാക്കി.
Discussion about this post