കൊച്ചി: അരൂര്‍-കുമ്പളം പാലത്തില്‍ നിയന്ത്രണം വിട്ട വാന്‍ കായലിലേക്കു വീണു കാണാതായ എല്ലാവരുടെയും മൃതദേഹം ഇന്നു രാവിലെ നടന്ന തിരച്ചിലില്‍ കണ്ടെത്തി. വാന്‍ ഓടിച്ചിരുന്ന അരൂക്കുറ്റി പാണാവള്ളി സ്വദേശിയായ നിജാസ് അലിയുടെ മൃതദേഹവും രണ്ടു നേപ്പാള്‍ സ്വദേശികളുടെ മൃതദേഹങ്ങളുമാണ് ഇന്നു രാവിലെ കിട്ടിയത്.
പെരുമ്പടപ്പ് പാലത്തിനുസമീപം പള്ളുരുത്തി ഊരാളക്കശേരി ക്ഷേത്രത്തിനു സമീപമുള്ള കടവില്‍ ഇന്നു രാവിലെ 9.30 ഓടെയാണ് നിജാസിന്റെ മൃതദേഹം ലഭിച്ചത്. നേപ്പാള്‍ സ്വദേശിയുടെ മൃതദേഹം പുലര്‍ച്ചെ 7.10 ഓടെ അപകടം നടന്നതിന് 15 മീറ്റര്‍ മാറി കായലില്‍ നിന്നും ലഭിച്ചു. മറ്റൊരു നേപ്പാള്‍ സ്വദേശിയുടെ മൃതദേഹം രാവിലെ 10.30-നാണ് കണ്ടെത്തിയത്. വ്യാഴാഴ്ച നടത്തിയ തെരച്ചിലില്‍ രണ്ടു പേരുടെ മൃതദേഹം കിട്ടിയിരുന്നു. നേപ്പാള്‍ പ്യാഗന്‍ ജില്ലയില്‍ നിന്നുള്ള മധു ഖത്രി (30), ഹിമലാല്‍ ഖത്രി (34) എന്നിവരുടെ മൃതദേഹങ്ങളാണു ലഭിച്ചത്. മധുവിന്റെ മൃതദേഹം ഉച്ചയ്ക്ക് ഒന്നോടെ വാഹനം വീണ സ്ഥലത്തുനിന്നും ഹിമലാലിന്റെ മൃതദേഹം റെയില്‍വേ പാലത്തിന്റെ സമീപത്തുനിന്നു വൈകുന്നേരം നാലോടെയുമാണു കണ്ടുകിട്ടിയത്. മൃതദേഹങ്ങള്‍ പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റുമോര്‍ട്ടം നടത്തും.
ബുധനാഴ്ച വൈകുന്നേരം 6.50 ഓടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച അര്‍ധരാത്രി രണ്ടുവരെ തെരച്ചില്‍ നടത്തിയെങ്കിലും കാണാതായ മൂന്നുപേരെ കണ്ടെത്താനായിരുന്നില്ല. രാവിലെ ഏഴോടെ തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. നേവിയും കോസ്റ്റ് ഗാര്‍ഡും ഫയര്‍ ഫോഴ്‌സും പോലീസും തെരച്ചിലിനുണ്ടായിരുന്നു. മുങ്ങല്‍ വിദഗ്ധരുടെ അടക്കം സഹായത്തോടെ കോസ്റ്റ് ഗാര്‍ഡിന്റെയും നാവികസേനയുടെയും ബോട്ടുകളിലായിരുന്നു തെരച്ചില്‍.
ഇടപ്പള്ളിയിലെ ചിത്ര ഡെക്കറേഷന്‍സിലെ ഒമ്പതു തൊഴിലാളികളാണ് വാനിലുണ്ടായിരുന്നത്. എറണാകുളം ബോള്‍ഗാട്ടിയില്‍ നിന്നും ആലപ്പുഴ പാണാവള്ളിയിലേക്കു പന്തല്‍ നിര്‍മാണവുമായി ബന്ധപ്പെട്ടു പോകുമ്പോഴായിരുന്നു അപകടം. മുന്നില്‍പോവുകയായിരുന്ന ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് അരൂര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് വാന്‍ കായലില്‍ പതിക്കുകയായിരുന്നു. വാന്‍ നേവിയുടെ സഹായത്തോടെ ബുധനാഴ്ച രാത്രിയോടെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയിരുന്നു.
Discussion about this post