പത്തനംതിട്ട: പമ്പ മുതല്‍ സന്നിധാനം വരെയുള്ള പോലീസ് നിരീക്ഷണ ക്യാമറകളിലൂടെയുള്ള ലൈവ് ദൃശ്യങ്ങള്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയുടെ ചേംബറിലും ലഭിക്കുന്നതിന് സംവിധാനമൊരുക്കി. 35 ക്യാമറകളാണ് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. രാത്രി ദൃശ്യങ്ങളും ഇതില്‍ ലഭിക്കും. ശബരിമലയിലെ പോലീസ് കണ്‍ട്രോള്‍ റൂമിനു പുറമെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ്, തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനം തുടങ്ങിയ സ്ഥലങ്ങളിലും ദൃശ്യങ്ങള്‍ ലഭിക്കും.
പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പമ്പയിലും സന്നിധാനത്തും ഇതരസംസ്ഥാന തൊഴിലാളികളെ പരിശോധനയക്ക് വിധേയരാക്കുന്നു. മന്തുരോഗം കണ്ടെത്തുന്നതിനായി രാത്രികാല രക്തപരിശോധനയും നടത്തും. കൊതുകിന്റെ ഉറവിട നശീകരണവും തെര്‍മ്മല്‍ ഫോഗിംഗും നടത്തി.
ശബരിമല നോഡല്‍ ഓഫീസറും ഡെപ്യുട്ടി ഡി.എം.ഒയുമായ ഡോ.എല്‍.അനിതകുമാരിയുടെ ചുമതലയില്‍ പമ്പ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.ടി തോമസ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.ജി ശശിധരന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. നിലയ്ക്കലും ശരണപാതയിലും പരിശോധനയും നിരീക്ഷണങ്ങളും നടക്കുന്നുണ്ട്.
Discussion about this post