പമ്പ: പമ്പയിലെ ബലിപ്പുരകളില്‍ പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ.സി മോഹനന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ബലിപ്പുരകളിലേക്ക് തീര്‍ഥാടകരെ നിര്‍ബന്ധിച്ച് വിളിച്ചുകയറ്റുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവിടെ നിന്ന് ഒപ്പ് രേഖപ്പെടുത്താത്തതും ബുക്ക് നമ്പരില്ലാത്തതുമായ രസീതുകള്‍ കണ്ടെടുത്തു. ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വിഭാഗത്തെ ചുമതലപ്പെടുത്തി.
ബലിപ്പുരകള്‍ക്കായി അനധികൃതമായി ഷെഡ് കെട്ടിയത് സംബന്ധിച്ച് വനം വകുപ്പ് പരിശോധിക്കും. 20 ബലിപ്പുരകളാണ് ഇവിടെയുള്ളത്. ഇതിന് സമീപത്തായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു മൂലം ഓയിലും മറ്റും ഒലിച്ചിറങ്ങി പമ്പ മലിനപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇവിടെ പാര്‍ക്കിംഗ് പാടില്ലെന്ന ബോര്‍ഡ് സ്ഥാപിക്കും. വാഹനങ്ങള്‍ പമ്പാനദിയില്‍ നിന്ന് നിശ്ചിത അകലത്തില്‍ പാര്‍ക്ക് ചെയ്യണമെന്നും നിര്‍ദേശം നല്‍കി. പമ്പയുടെ തീരത്തുനിന്ന് മണ്ണെടുത്ത് മാറ്റിയത് പൂര്‍വസ്ഥിതിയിലാക്കാനും നിര്‍ദേശിച്ചു. വനം, പോലീസ്, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരും മറ്റ് സ്‌ക്വാഡ് അംഗങ്ങളും പരിശോധനയില്‍ പങ്കെടുത്തു.
Discussion about this post