തിരുവനന്തപുരം: ഡിസംബര്‍ എട്ടിന് രാവിലെ 11ന് ടാഗോര്‍ തീയേറ്ററില്‍ ഫെസ്റ്റിവലിന്റെ സിഗ്‌നേച്ചര്‍ ഫിലിമിന്റെ ആദ്യപ്രദര്‍ശനം നടക്കും. മീഡിയാ സെല്ലും അന്ന് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ പത്തിന് ഉച്ചയ്ക്ക് ഒരു മണിക്ക് കൈരളി തീയേറ്ററില്‍ അടൂര്‍ ഒരു ചിത്രലേഖനം ബോണി തോമസിന്റെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം.
ഡിസംബര്‍ 12ന് രാവിലെ 11ന് അന്‍പത് വര്‍ഷത്തെ സിനിമാജീവിതം പിന്നിടുന്ന അടൂര്‍ ഗോപാലകൃഷ്ണനെ അപ്പോളൊ ഡൈമോരോ ഹോട്ടലില്‍ ആദരിക്കും. അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ചുള്ള സെമിനാറില്‍ എം.കെ. രാഘവേന്ദ്ര മുഖ്യപ്രഭാഷണം നടത്തും. അന്ന് വൈകിട്ട് ആറിന് ശ്രീ തീയേറ്ററില്‍ അടൂരിന് സ്വീകരണം നല്‍കും. ശ്യാം ബെനഗല്‍ മുഖ്യാതിഥിയാവും. അതിനുശേഷം പിന്നെയും എന്ന സിനിമ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ പത്ത് മുതല്‍ 15 വരെ വജ്രകേരളം ആഘോഷത്തിന്റെ ഭാഗമായി വൈകുന്നേരങ്ങളില്‍ ടാഗോര്‍ തീയേറ്ററില്‍ നാടന്‍ കലാമേളകള്‍ സംഘടിപ്പിക്കും. അറബനമുട്ട്, നാടന്‍പാട്ടുകള്‍, ഗോത്രനൃത്തങ്ങള്‍, മുടിയേറ്റ്, ചവിട്ടുനാടകം, തോല്‍പ്പാവക്കൂത്ത്, മുളകൊണ്ടുള്ള വാദ്യമേളം എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അന്തരിച്ച നടി കല്‍പ്പന, ടി.എ. റസാഖ്, കലാഭവന്‍ മണി, മറ്റ് സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെക്കുറിച്ചുള്ള ശ്രദ്ധാഞ്ജലി സിരീസിലുള്ള പുസ്തകങ്ങളും കഴിഞ്ഞ ഒരു വര്‍ഷം ഇറങ്ങിയ മലയാള സിനിമകളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകവും അവാര്‍ഡ് ജേതാവായ ജിറി മെന്‍സിലിനെക്കുറിച്ചുള്ള പുസ്തകവും ഇത്തവണ ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കും. പ്രശസ്ത സംവിധായകന്‍ അരവിന്ദന്റെ സ്മരണക്കായി ഹെയ്‌ലി ഗെറിമ നടത്തുന്ന പ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post