തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ പോലീസ് സേനയ്ക്ക കാലാനുസൃതമായി സാങ്കേതിക വിദ്യയില്‍ വൈദഗ്ധ്യം നേടാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവളത്ത് 45ാമത് അഖിലേന്ത്യ പോലീസ് സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മികച്ച കുറ്റാന്വേഷണത്തിന് സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ് ഇപ്പോള്‍ ആവശ്യം. കുറ്റാന്വേഷണത്തിന്റെ ഭാഗമായി മൂന്നാം മുറ ഉപയോഗിക്കുന്ന കാലം കഴിഞ്ഞുപോയിരിക്കുന്നു. ഫോറന്‍സിക് മെഡിസിന്‍, ഫിംഗര്‍ പ്രിന്റിംഗ്, ഡിഎന്‍എ അനാലിസിസ്, എന്നീ പ്രധാന മേഖലകളില്‍ മുന്നേറ്റമുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. കേരള പോലീസ് അടുത്തിടെ തെളിയിച്ച സുപ്രധാനമായ ചില കേസുകളില്‍ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിംഗ്, സൈബര്‍ ഫോറന്‍സിക്‌സ്, ഫോറന്‍സിക് സൈക്കോളജി തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരള പോലീസ് രാജ്യത്തെ മികച്ച പോലീസ് സേനകളിലൊന്നാണെന്നതില്‍ അഭിമാനിക്കുന്നു. അതുകൊണ്ടാണ് ഇന്ത്യയിലെ മികച്ച പോലീസ് സേനയായി ഇന്ത്യ ടുഡേ ഈ വര്‍ഷവും കേരള പോലീസിനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്റര്‍നെറ്റിലൂടെയും സംഘടനകളിലൂടെയും വിദ്യാലയങ്ങളിലൂടെയുമുള്ള തീവ്രവാദവത്കരണം വര്‍ധിച്ചിരിക്കുകയാണ്. ഇത് മതേതരത്വവും ജനാധിപത്യവും പോലുള്ള ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നത്. ജനകീയ പ്രക്ഷോഭങ്ങളും സമരങ്ങളും ജനാധിപത്യ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായ നമ്മുടെ നാട്ടില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മാരകമല്ലാത്ത മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സമ്മേളനങ്ങളിലൂടെ രൂപപ്പെടുന്ന അറിവുകള്‍ അക്കാദമിക കാഴ്ചപ്പാടിനപ്പുറം സാധാരണക്കാരന്റെ ജീവിതത്തില്‍ ഗുണപരമായ പുരോഗതി ഉണ്ടാക്കുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.വിന്‍സന്റ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ എം.സി.ബോര്‍വാന്‍കര്‍, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ,ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, എ.ഡി.ജി.പി ബി.സന്ധ്യ എന്നിവര്‍ സംസാരിച്ചു. പോലീസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നവീന ശാസ്ത്ര സാങ്കേതിക മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റാണ് എല്ലാ വര്‍ഷവും സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.













