തിരുവനന്തപുരം: രണ്ടുവര്‍ഷം കൊണ്ട് പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തതയില്‍ എത്തിക്കുംവിധമുള്ള ആസൂത്രണം നടത്തുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഓരോ ജില്ലയിലും ഹോര്‍ട്ടികോര്‍പ്പ്, ഇക്കോഷോപ്പ്, കര്‍ഷക കൂട്ടായ്മകള്‍ തുടങ്ങിയവ ഏകോപിപ്പിക്കുംവിധമുള്ള സംവിധാനം കൃഷിവകുപ്പില്‍ ഉണ്ടാകേണ്ടതുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഹോര്‍ട്ടികോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല പച്ചക്കറി വിള ആസൂത്രണ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിതകേരളം പരിപാടിയിലടക്കം കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഉത്പാദനം കൂടുമ്പോള്‍ കര്‍ഷകര്‍ക്ക് വിലത്തകര്‍ച്ച പരിഹരിക്കാനുള്ള സംവിധാനം വേണം. 52 ആഴ്ചയുടെ കലണ്ടര്‍ തയാറാക്കി ശാസ്ത്രീയമായി ഉത്പാദനത്തിനും വിതരണത്തിനും കഴിയണം. ഇതിനായി ഇമാര്‍ക്കറ്റിംഗ് ഉള്‍പ്പെടെ സംവിധാനം ആലോചിക്കും. ഇതുവഴി ഓരോ ജില്ലയിലും ഏതു പച്ചക്കറി കൂടുതലുണ്ട്, കുറവുണ്ട് എന്ന് കണ്ടെത്തി ലഭ്യമാക്കാനാകും. കര്‍ഷകര്‍ക്ക് ന്യായമായ വില കിട്ടുന്നുവെന്ന് ഉറപ്പാക്കണം. ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമുണ്ടാകണം. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വാങ്ങാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്ന അവസ്ഥ വരരുത്. ഓരോ ജില്ലയും പ്രദേശവും മനസിലാക്കി എന്ത് കൃഷി നടത്തണമെന്ന് ആസൂത്രണം ചെയ്യും. ജില്ലകളില്‍നിന്ന് ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. ജനുവരി മുതല്‍ എല്ലാ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാരുടേയും അവലോകനയോഗം മാസംതോറും മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ. രാജുനാരായണസ്വാമി, കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. എസ്. എസ്റ്റലിറ്റ, ഹോര്‍ട്ടികോര്‍പ്പ് എം.ഡി ഡോ. രഞ്ജന്‍ എസ്. കരിപ്പായി, കൗണ്‍സിലര്‍ ഡോ. ബി. വിജയലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, വി.എഫ്.പി.സി.കെ, കാര്‍ഷിക സര്‍വകലാശാല വിദഗ്ധര്‍, തിരഞ്ഞെടുക്കപ്പെട്ട കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. ജില്ലാതലത്തില്‍ നടത്തിയ വിള ആസൂത്രണ നടപടികളുടെ തുടര്‍ച്ചയായാണ് സംസ്ഥാനതല ശില്‍പശാല സംഘടിപ്പിച്ചത്. ശില്‍പശാലയില്‍ വിവിധ ജില്ലാ ഉദ്യോഗസ്ഥരും കര്‍ഷകരുമായി പൊതു ചര്‍ച്ച നടത്തി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മന്ത്രി സ്വീകരിച്ചു.
Discussion about this post