ന്യൂഡല്‍ഹി: ഡിജിറ്റല്‍ സാങ്കേതികവിദ്യയുപയോഗിച്ചുളള ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 340 കോടി രൂപയുടെ സമ്മാനപദ്ധതിയുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉപഭോക്താക്കള്‍ക്കും, കച്ചവടക്കാര്‍ക്കും വേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കുകയെന്ന് നീതി ആയോഗ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമിതാഭ് കാന്ത് പറഞ്ഞു.
യു.പി.ഐ, യു.എസ്.എസ്.ഡി, എ.ഇ.പി.എസ്, റുപേ കാര്‍ഡുകള്‍ ഉപയോഗിച്ചു നടത്തുന്ന അന്‍പതു മുതല്‍ മൂവായിരം രൂപ വരെയുളള ഇടപാടുകള്‍ സമ്മാനത്തിനായി പരിഗണിക്കും. ഈ മാസം 25 മുതല്‍ അടുത്ത ഏപ്രില്‍ 14 വരെയുളള ഇടപാടുകളില്‍ നിന്നാകും സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുന്നത്. വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തും. ഒരാള്‍ക്ക് പരമാവധി മൂന്നു തവണയേ സമ്മാനം ലഭിക്കുകയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപയോക്താക്കള്‍ക്കുളള ലക്കി ഗൃഹക് പദ്ധതി, 100 ദിവസത്തേക്കു പ്രതിദിനം 15,000 പേര്‍ക്ക് 1000 രൂപ വീതം സമ്മാനം നല്‍കും. ആഴ്ചയിലൊരിക്കല്‍ 7000 പേര്‍ക്ക് ഒരു ലക്ഷം രൂപ, 10,000 രൂപ, 5,000 രൂപ എന്നിങ്ങനെ സമ്മാനങ്ങള്‍ നല്‍കും. കഴിഞ്ഞ മാസം എട്ടാം തീയതി മുതല്‍ ഏപ്രില്‍ 13 വരെയുളള ഇടപാടുകളില്‍ നിന്ന് ഒരു കോടി രൂപ, 50 ലക്ഷം രൂപ, 25 ലക്ഷം രൂപ എന്നിങ്ങനെ മൂന്നു മെഗാ സമ്മാനങ്ങളും നല്‍കും. മെഗാസമ്മാനം ഏപ്രില്‍ 14നാകും പ്രഖ്യാപിക്കുക.
കച്ചവടക്കാര്‍ക്കായി ഡിജി-ധന്‍ വ്യാപാരി പദ്ധതിയാണ് നടപ്പാക്കുന്നത്. ആഴ്ച്ചയിലൊരിക്കല്‍ 7000 പേര്‍ക്ക് 50,000 രൂപ, 5,000 രൂപ, 2,500 രൂപ എന്നിങ്ങനെയും, ഇതു കൂടാതെ എല്ലാ ദിവസവും വിവിധ സമ്മാനങ്ങളും പദ്ധതി വിഭാവനം ചെയ്യുന്നു.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന നടപടികളില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ജില്ലകള്‍ക്കും, താലൂക്കുകള്‍ക്കും, പഞ്ചായത്തുകള്‍ക്കും അവാര്‍ഡ് നല്‍കുമെന്നും അമിതാഭ് കാന്ത് പറഞ്ഞു. അതേസമയം ഡിജിറ്റല്‍ പണമിടപാടു പ്രോത്സാഹിപ്പിക്കാനുളള നടപടികള്‍ക്ക് കറന്‍സി ദൗര്‍ലഭ്യമല്ല കാരണമെന്നും, ഇതിനായുളള നടപടികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ത്തന്നെ ആരംഭിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post