തിരുവനന്തപുരം: ജാതിയുടേയോ മതത്തിന്റെയോ അതിരുകളില്‍ തന്നെ തളച്ചിടാന്‍ ശ്രമിച്ചവര്‍ക്കുള്ള ശ്രീനാരായണ ഗുരുവിന്റെ മറുപടിയാണ് ‘നമുക്ക് ജാതിയില്ല’ വിളംബരമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ശ്രീ നാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ വിളംബര ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ഗുരു എല്ലായ്‌പ്പോഴും സ്വപ്നം കണ്ടിരുന്ന ജാതിരഹിത സമൂഹത്തിലേക്കുള്ള രൂപരേഖയായിരുന്നു വിളംബരമെന്നും അദ്ദേഹം പറഞ്ഞു. കേരളചരിത്രത്തിന്റെ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലെ മാര്‍ഗദീപമായിരുന്നത് ഗുരുദര്‍ശനങ്ങളാണ്. കേരളം സാമുദായിക സൗഹാര്‍ദ്ദത്തിന്റെ മാതൃകയായതില്‍ ഗുരുവിന്റെ പുരോഗമന ചിന്തകളുടെ സ്വാധീനമുണ്ട്. ഗുരു ജീവിച്ചിരുന്ന കാലഘട്ടത്തിനും അതീതമായ ശക്തമായ സന്ദേശമാണ് ‘നമുക്ക് ജാതിയില്ല’ വിളംബരം നല്‍കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനെതിരായ പോരാട്ടം ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ നൂറുവര്‍ഷത്തിനുശേഷവും വിളംബരത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. സാമൂഹ്യ ഐക്യത്തിന്റെ സന്ദേശമായി സര്‍ക്കാര്‍ നേതൃത്വത്തില്‍ തന്നെ വിളംബരത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നത് സന്തോഷകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
സന്ദേശങ്ങള്‍ക്കൊപ്പം പ്രവൃത്തിയിലൂടെയും വിപ്ലവങ്ങള്‍ സൃഷ്ടിച്ച സൈദ്ധാന്തികനായിരുന്നു അദ്ദേഹം. അരുവിപ്പുറത്ത് ശില സ്ഥാപിക്കുന്നതിലൂടെ സ്വതന്ത്രചിന്തയുടേയും രാഷ്ട്രീയ നവോത്ഥാനത്തിന്റെയും അടിസ്ഥാനമിടുകയായിരുന്നു ഗുരു. ഗുരുദര്‍ശനങ്ങളുടെ ആഴം ഇനിയും പൂര്‍ണമായി നമ്മള്‍ ഉള്‍ക്കൊണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഗവേഷണം ചെയ്യുന്നവര്‍ക്ക് അനുദിനം പുതിയ ഉള്‍ക്കാഴ്ചകളാണ് ലഭിക്കുന്നത്. ജാതിയില്ലാ വിളംബരം ലോകത്തിനുള്ള ഐക്യസന്ദേശമാണ്, മതത്തിന്റെ ചങ്ങലകളും വിവേചനങ്ങളും പൊട്ടിച്ചെറിഞ്ഞ് ഒന്നിക്കാനുള്ള സന്ദേശം. ഗുരുദര്‍ശനങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ യുവാക്കള്‍ക്കിടയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
സമത്വത്തിലും മാനവികതയിലും ഊന്നിയ സാമൂഹിക കാഴ്ചപ്പാടാണ് ഗുരു അവതരിപ്പിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രപഞ്ചത്തിലെ എല്ലാറ്റിനോടും സമഭാവന പുലര്‍ത്തുന്നതാണ് യഥാര്‍ഥ ഈശ്വരാരാധനയെന്നാണ് ഗുരു പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതം സംഘര്‍ഷമല്ല, സമാധാനമാണെന്നതായിരുന്നു ഗുരുവിന്റെ വീക്ഷണമെന്ന് ആശംസപ്രസംഗം നടത്തിയ തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി.ജലീല്‍ പറഞ്ഞു. കേരളത്തെ മാനവികതയിലേക്ക് വഴിതെളിച്ചതില്‍ ഗുരുദര്‍ശനങ്ങള്‍ വഹിച്ച പങ്ക് വലുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കെ. മുരളീധരന്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത് എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ കെ.എസ്. ഷീല നന്ദി രേഖപ്പെടുത്തി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, പുരാവസ്തു പുരാരേഖ, സാംസ്‌കാരിക വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.












