തൃശ്ശൂര്‍: നെഹ്റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണച്ചുമതല ക്രൈം ബ്രാഞ്ചിന് വിട്ടു. തൃശ്ശൂര്‍ റൂറല്‍ ഡി.വൈ.എസ്.പി കേസ് അന്വേഷിക്കും. തൃശ്ശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാറാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
നിലവിലെ റൂറല്‍ ഡി.വൈ.എസ്.പി അനധികൃതസ്വത്തുസമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്നതിനാല്‍ മറ്റൊരുദ്യോഗസ്ഥനെയാകും അന്വേഷണച്ചുമതലയേല്‍പ്പിക്കുക.
പോസ്റ്റ്മോര്‍ട്ടം സമയത്ത് ജിഷ്ണുവിന്റെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചും, ജിഷ്ണു ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യങ്ങളേക്കുറിച്ച് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് വ്യക്തത വരുത്തും.
ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് മര്‍ദ്ദിച്ചതായും, ഗുരുതരാവസ്ഥയിലായ ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ കോളേജധികൃതര്‍ തയ്യാറായില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. അതേസമയം കോപ്പിയടിച്ചതിനു താക്കീത് ചെയ്തതാണ് ആത്മഹത്യയ്ക്കു കാരണമെന്ന നിലപാടാണ് കോളേജധികൃതര്‍ സ്വീകരിച്ചത്. ഈ അവകാശവാദം കളവായിരുന്നുവെന്ന് പിന്നീട് കേരള സാങ്കേതികസര്‍വ്വകലാശാല വ്യക്തമാക്കിയിരുന്നു.
കോപ്പിയടി പിടിക്കപ്പെട്ടാല്‍ അന്നേദിവസം തന്നെ സര്‍വ്വകലാശാലയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിയമം. ഇതനുസരിച്ച് തങ്ങള്‍ക്കു യാതൊരറിയിപ്പും കിട്ടിയിട്ടില്ലെന്നായിരുന്നു സാങ്കേതികസര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കിയത്.
നെഹ്റു കോളേജിലെ അരാജകത്വത്തെയും പീഡനങ്ങളെയും കുറിച്ച് നിരവധി പരാതികളാണ് ജിഷ്ണുവിന്റെ മരണത്തേത്തുടര്‍ന്ന് ഉയര്‍ന്നു വരുന്നത്. ഈ പരാതികളും ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നാണ് സൂചന്.












