തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണ രംഗത്തുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങിയതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. നവംബര്‍ മാസത്തെ ധാന്യവിഹിതം ഡിസംബര്‍ 31നകം റേഷന്‍ കടകളില്‍ വിതരണം നടത്തിയിട്ടുണ്ട്. ഡിസംബര്‍ മാസത്തെ ധാന്യവിഹിതം എഫ്.സി.ഐ ഡിപ്പോകളില്‍ നിന്ന് വിട്ടെടുപ്പ് പൂര്‍ത്തീകരിച്ചതായും ഡിസംബര്‍ വിഹിത വിതരണം ജനുവരി 14നകം പൂര്‍ത്തീകരിക്കുമെന്നും ജനുവരി മാസത്തെ വിതരണം റേഷന്‍ കടകളില്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അന്ത്യോദയ അന്നയോജന വിഭാഗങ്ങള്‍ക്ക് പ്രതിമാസം ഒരു കാര്‍ഡിന് 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് ആളൊന്നിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും വിതരണം ചെയ്തുവരികയാണ്. മുന്‍ഗണനേതര വിഭാഗങ്ങളിലെ സംസ്ഥാന സബ്‌സിഡി വിഭാഗക്കാര്‍ക്ക് ആളൊന്നിന് രണ്ട് കിലോ അരി വീതവും മുന്‍ഗണനേതര വിഭാഗങ്ങളിലെ നോണ്‍ സബ്‌സിഡി വിഭാഗങ്ങള്‍ക്ക് കാര്‍ഡൊന്നിന് അഞ്ച് കിലോ വീതവും വിതരണം നടത്താന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ഗണനാ വിഭാഗക്കാരുടെ അര്‍ഹത സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റികള്‍ പതിനഞ്ച് ലക്ഷത്തോളം പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു.
അന്‍പത് ശതമാനം ഡേറ്റാ എന്‍ട്രി തിരുത്തല്‍ വരുത്തിയിട്ടുണ്ട്. ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് ഫെബ്രുവരി ഒന്നിന് പുതിയ പട്ടിക തയ്യാറാകും. പുതിയ പട്ടികയില്‍ അനര്‍ഹര്‍ ഉണ്ടെങ്കില്‍ ഒഴിവാക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി ശുപാര്‍ശ നല്‍കണം. പഞ്ചായത്ത് കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് റേഷന്‍ കാര്‍ഡ് വിതരണം മാര്‍ച്ച് മാസത്തില്‍ ആരംഭിക്കും. പുതിയ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അതു പ്രകാരം ആയിരിക്കും ധാന്യവിതരണം നടക്കുകയെന്നും മന്ത്രി പറഞ്ഞു. പ്രതിമാസം 1.33 ലക്ഷം മെട്രിക് ടണ്‍ കേന്ദ്രവിഹിതം ലഭിച്ചു വന്നിരുന്ന സംസ്ഥാനമായിരുന്നു കേരളം. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയപ്പോള്‍ അത് 1.18 ലക്ഷം മെട്രിക് ടണ്‍ ആയി കുറഞ്ഞു. മുമ്പ് 3.34 കോടി ജനങ്ങള്‍ക്ക് സൗജന്യമായി ധാന്യ വിതരണം നടത്തിയിരുന്ന സംസ്ഥാനമായിരുന്നു കേരളം.
മുന്‍ഗണനാ വിഭാഗത്തില്‍ വരാത്ത സംസ്ഥാനത്തെ 54 ശതമാനം ജനങ്ങള്‍ക്ക് നല്‍കാന്‍ ആളൊന്നിന് രണ്ട് കിലോഗ്രാം പോലും ധാന്യം ലഭ്യമല്ലാതെ വരുത്തിയ അവസ്ഥ, പുതിയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ദൂഷ്യഫലമാണ്. വിതരണത്തിനെത്തുന്ന അരി കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്നത് കര്‍ശനമായി തടയും. പൊതുവിതരണ രംഗം സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഓരോ കാര്‍ഡുടമയ്ക്കും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിന്റെ അളവ് പ്രദര്‍ശിപ്പിക്കാന്‍ റേഷന്‍ കടയുടമകളോട് നിര്‍ദ്ദേശിച്ചതായും കടകള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.












