ആലുവ: പതിനൊന്നു വയസുള്ള തമിഴ് ബാലിക ധനലക്ഷ്‌മി പീഡനമേറ്റു മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തിയ സിന്ധു, ജോസ് കുര്യന്‍, നാഗപ്പന്‍, ഷൈല എന്നീ പ്രതികള്‍ക്കെതിരേ മനുഷ്യക്കച്ചവടത്തിന്റെ പേരിലും ആലുവ പോലീസ് കേസെടുത്തു. ഐപിസി 370-ാം വകുപ്പ് പ്രകാരമാണ് കേസ്. ധനലക്ഷ്‌മിക്കു പുറമേ സഹോദരി രാജേശ്വരി ഉള്‍പ്പെടെ നിരവധി കുട്ടികളെ നാഗപ്പന്‍, ഷൈല എന്നിവര്‍ പണം വാങ്ങി കൈമാറിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുതായുള്ള കേസ്.
അതേസമയം പ്രതികളെ കസ്റ്റഡിയിലെടുത്തശേഷം ആലുവ മേഖലയില്‍ മനുഷ്യക്കച്ചവടത്തിലൂടെ കൈമാറിയ കുട്ടികളെക്കുറിച്ച് പോലീസ് വിശദമായ തെളിവെടുപ്പ് നടത്തും. ആവശ്യമെങ്കില്‍ മറ്റു സ്റ്റേഷനുകളിലേക്കും വിവരം കൈമാറും. പ്രതികളെ ചൊവ്വാഴ്‌ച ഹാജരാക്കാന്‍ ആലുവ കോടതി പ്രൊഡക്‌ഷന്‍ വാറന്റ് അയച്ചിട്ടുണ്ട്.
കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ആലുവ കോടതി നിരാകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതികളുടെ നീക്കം. സിന്ധു, ഷൈല എന്നിവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും ജോസ് കുര്യന്‍, നാഗപ്പന്‍ എന്നിവരെ ആലുവ സബ് ജയിലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post