തിരുവനന്തപുരം: കലോത്‌സവങ്ങള്‍ സര്‍ഗാത്മകതയുടേയും നീതിയുടേയും വേദികളാകണമെന്ന് സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 39 ാമത് അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്‌സവം നെടുമങ്ങാട് മഞ്ച ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണക്കൊഴുപ്പിന്റെയും ധാരാളിത്തത്തിന്റെയും അഴിമതിയുടേയും മേളകളായി കലോത്‌സവങ്ങള്‍ മാറരുത്. കഴിവുള്ളവര്‍ക്ക് അംഗീകാരം കിട്ടണം. ഇപ്പോള്‍ കലോത്‌സവങ്ങളില്‍ വിജിലന്‍സ് നിരീക്ഷണം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഇത്തരക്കാര്‍ക്ക് ഭയമുണ്ടായി തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡി.കെ. മുരളി എം.എല്‍.എ, നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മുന്‍ എം.എല്‍.എ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നെടുമങ്ങാട് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ മുഴുവന്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലേയും ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുമാണ് കലോത്‌സവത്തില്‍ മാറ്റുരയ്ക്കുന്നത്.
കലോത്‌സവത്തിന്റെ സമാപനം 22ന് വൈകുന്നേരം അഞ്ചിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.












