തിരുവനന്തപുരം: റീ സര്‍വെ പ്രവര്‍ത്തനങ്ങള്‍ ജനുവരി 26ന് കാസര്‍കോട് പുനരാരംഭിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഇടുക്കി ജില്ലയിലെ സര്‍വെ ജോലികളുടെ പ്രാരംഭ നടപടികള്‍ ഫെബ്രുവരിയിലും ആരംഭിക്കും.
ഏറ്റവും കുറച്ച് റീ സര്‍വെ പ്രവര്‍ത്തനങ്ങള്‍ നടന്ന ജില്ലയാണ് കാസര്‍കോടെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ റീ സര്‍വെ പൂര്‍ത്തിയായ 11 വില്ലേജ് കഴിച്ച് 117 വില്ലേജുകളിലാണ് റീ സര്‍വെ ആരംഭിക്കുന്നത്. റീ സര്‍വെയുടെ പ്രാരംഭ ജോലികളായ പഴയ റിക്കാര്‍ഡുകളുടെ സ്‌കാനിംഗും ട്രൈയാംഗുലേഷന്‍ ജോലികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹോസ്ദുര്‍ഗ് താലൂക്കിലെ 10 വില്ലേജുകളിലാണ് പ്രാരംഭ ജോലികള്‍ ചെയ്തുവരുന്നത്. ഒരു വില്ലേജില്‍ 30 സര്‍വെയര്‍മാരുടെ സേവനം ലഭ്യമാക്കി നാല് മാസം കൊണ്ട് സര്‍വെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞു. വരള്‍ച്ചയെ നേരിടാന്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. കുടിവെള്ളമെത്തിക്കുന്നതിനാണ് പരമപ്രാധാന്യം. നിലവിലുള്ള ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കും. പുതിയ പരമാവധി ജലസ്രോതസ്സുകള്‍ കണ്ടെത്തി സംവിധാനമൊരുക്കുന്നതിന് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി ജില്ലകളിലെ വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്തി ആവശ്യമായ നിര്‍ദേശം ജില്ലകള്‍ക്ക് നല്‍കിയിട്ടുണ്ട്.
എല്ലാ ജില്ലകള്‍ക്കും 50 ലക്ഷം രൂപ വീതം കുടിവെള്ള വിതരണത്തിനായി അനുവദിച്ചു. വരള്‍ച്ച കൃഷിനാശത്തിന്റെ ദുരിതാശ്വാസം കേന്ദ്ര മാനദണ്ഡ പ്രകാരം നല്‍കുവാന്‍ 13 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.












