ന്യൂഡല്‍ഹി: സുരക്ഷാ ജാഗ്രതയോടെ ഭാരതം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയപതാകയുയര്‍ത്തി. അബുദാബി കിരീടാവകാശി ഷൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായിരുന്നു. വര്‍ണ്ണാഭമായ പരേഡില്‍ ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം യു.എ.ഇ സൈനിക സംഘവും അണിനിരന്നു. രാജ്യത്തിന്റെ കരുത്ത് വിളിച്ചോതി ആയുധ പ്രദര്‍ശനവും യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനവും നടന്നു.
ഡല്‍ഹിയുടെ ആകാശത്ത് മേഘാവൃതമായിരുന്നെങ്കിലും രാജ്യത്തിന്റെ റിപബ്ലിക്ക് ദിനാഘോഷത്തെ അത് കാര്യമായി ബാധിച്ചില്ല. ആഘോഷങ്ങളുടെ മുന്നോടിയായി ഇന്ത്യാഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി മണ്ഡപത്തില്‍ വീരസൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്ന ചടങ്ങ് നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അമര്‍ജവാന്‍ ജ്യോതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയര്‍പ്പിച്ചു. തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ നിന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി അബുദാബി കിരീടാവകാശി ഷൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും രാഷ്ട്രപതിയുടെ വാഹനത്തില്‍ അശ്വാരൂഢസേനയുടെ അകമ്പടിയോടെ പരേഡ് ഗ്രൗണ്ടിലെ പ്രത്യേക വേദിയിലെത്തി.
രാഷ്ട്രപതി പതാക ഉയര്‍ത്തി. ദേശീയഗാനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് സൈനിക നടപടിക്കിടെ വീരമൃത്യു വരിച്ച സൈനികന്‍ ഹവില്‍ദാര്‍ ഹങ്പന്‍ ദാദയ്ക്കുളള അശോകചക്ര അദ്ദേഹത്തിന്റെ ഭാര്യക്ക് സമ്മാനിച്ചു. തുടര്‍ന്ന് അതിഥികളായ യു.എ.ഇ സൈന്യത്തിന്റെ പരേഡ് ആരംഭിച്ചു. പിന്നാലെ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ബ്രഹ്മോസ്, ധനുഷ്, ആകാശ് ആയുധങ്ങളുടേയും റഡാറുകളുടേയും പ്രദര്‍ശനം നടന്നു. തുടര്‍ന്ന് കര നാവിക വ്യോമ സേനാ വിഭാഗങ്ങളുടേയും അര്‍ദ്ധ സൈനിക വിഭാഗങ്ങളുടേയും കോസ്റ്റ്ഗാര്‍ഡ് എന്‍സി.സി എന്‍.എസ്.എസ് വിഭാഗങ്ങളുടേയും സല്യൂട്ട് രാഷ്ട്രപതി സ്വീകരിച്ചു. ധീരതാ പുരസ്‌കാരങ്ങള്‍ നേടിയ കുട്ടികളും പരേഡിനെത്തി.
തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളുടെ സംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന ടാബ്ലോകളും രാജ്പഥില്‍ അണിനിരന്നു. കുട്ടികളുടെ വര്‍ണ്ണാഭമായ കലാപ്രകടനങ്ങളും ശ്രദ്ധേയമായി. ആകാശവിസ്മയം തീര്‍ത്ത യുദ്ധവിമാനങ്ങളുടെ പ്രകടനം ആത്മാഭിമാനമുണര്‍ത്തുന്ന വേറിട്ട അനുഭവമായി.
Discussion about this post