ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. എസ്ബിടി ഉള്‍പ്പെടെയുള്ള 5 ബാങ്കുകള്‍ എസ്ബിഐയുമായി ലയിപ്പിക്കുന്നതിനാണ് മന്ത്രി സഭ അംഗീകാരം നല്‍കിയത്. ഇന്ത്യന്‍ ബാങ്കിങ് രംഗത്തെ ഏറ്റവും വലിയ ലയനമായിരിക്കും ഇതിലൂടെ സാധ്യമാകുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് തുടങ്ങിയ ബാങ്കുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിക്കുക. ഇതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.
ലയനം പൂര്‍ത്തിയാകുന്നതോടെ ഏഷ്യയിലെ വലിയ ബാങ്കുകളില്‍ ഒന്നായി എസ്ബിഐ മാറും. ലോകത്തിലെ തന്നെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയിലും എസ്ബിഐ ഇടം പിടിക്കും. ആകെ ഉപഭോക്താക്കളുടെ എണ്ണം 50 കോടിയായി ഉയരും.
ലയനത്തോടെ എസ്ബിടി ഓഹരി ഉടമയ്ക്ക് 10 രൂപ മുഖവിലയുള്ള ഓരോ 10 ഓഹരിക്കും പകരമായി ഒരു രൂപ മുഖവിലയുള്ള എസ്ബിഐയുടെ 22 ഓഹരികള്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവിലെ ഓഹരി വില അനുസരിച്ച് 5058 രൂപയുടെ എസ്ബിടി ഓഹരികള്‍ക്ക് പകരമായി 5460 രൂപയുടെ എസ്ബിഐ ഓഹരികള്‍ ലഭിക്കും.
നിലവില്‍ എസ്ബിഐയ്ക്ക് മാത്രമായി 16,500 ശാഖകള്‍ ഉണ്ട്. ലയനം പൂര്‍ത്തിയാകുമ്പോള്‍ എസ്ബിഐയുടെ ആസ്തി 37 ലക്ഷം കോടി രൂപയായി വര്‍ദ്ധിക്കുകയും ചെയ്യും.
Discussion about this post