തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍ മാര്‍ച്ച് എട്ടിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് വെങ്കടേസപതി. പദ്ധതികളില്‍ വീഴ്ചവരുത്തുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ വര്‍ഷം ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുവദിച്ച തുക പല വകുപ്പുകളും ഇനിയും വിനിയോഗിച്ചിട്ടില്ലാത്തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ബില്ലുകള്‍ സമര്‍പ്പിക്കാനുള്ളവര്‍ അടിയന്തരമായി സമര്‍പ്പിക്കുന്നതിനും പ്രവര്‍ത്തനപുരോഗതി, സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്നതിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആറ്റുകാല്‍ പൊങ്കാല യുടെ ഒരുക്കങ്ങള്‍ സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊങ്കാലക്കെത്തുന്ന ഭക്തര്‍ക്ക് ആവശ്യത്തിന് ശുദ്ധജലം ലഭ്യമാകുന്നുവെന്ന് ജല അതോറിറ്റി ഉറപ്പുവരുത്തണം. ടാങ്കുകളില്‍ മറ്റും ശേഖരിച്ച വെള്ളം പൊങ്കാല ആവശ്യത്തിനുശേഷം ഒഴുക്കി കളയുന്നത് ഇത്തവണ അനുവദിക്കില്ല. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ അത് വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയ്ക്കായി ഡെപ്യൂട്ടി കളകടര്‍ വി.ആര്‍ വിനോദിന്റെ മേല്‍നോട്ടത്തില്‍ കളക്ടറേറ്റില്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിക്കും.
പൊങ്കാലയ്ക്കായി ആരോഗ്യവകുപ്പ് നാല് ടീമുകളെ സജ്ജമാക്കും. കൂടാതെ 20 സ്ഥലങ്ങളില്‍ കൂടി മെഡിക്കല്‍ ടീമിനെ വിന്യസിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഓക്‌സിജന്‍ പാര്‍ലര്‍ സംവിധാനവും ആംബുലന്‍സ് സൗകര്യവും നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ജല അതോറിറ്റി 1650 താല്‍ക്കാലിക ടാപ്പുകളും 50 ഷവര്‍ പോയിന്റുകളും സ്ഥാപിക്കും.
ഓടകള്‍ വൃത്തിയാക്കുന്ന പണികള്‍ പുരോഗമിക്കുന്നതായി സ്വീവറേജ് വിഭാഗം അറിയിച്ചു. പൊതുമരാമത്ത് ഏറ്റെടുത്തിട്ടുള്ള 14 റോഡ് പണികളും മാര്‍ച്ച് മൂന്നിനകം തീര്‍ക്കും. കെ.എസ്.ആര്‍.ടി.സി ആവശ്യമായ തോതില്‍ സര്‍വീസ് നടത്തും. മൂന്നാം തീയതി ചെയിന്‍ സര്‍വീസ് ആരംഭിക്കും.
കോര്‍പറേഷന്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ ഉറപ്പ് വരുത്തും. രണ്ടായിരം താല്‍ക്കാലിക ജോലിക്കാരെ സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ ശുചീകരണത്തിനായി വിന്യസിക്കും. വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ ലീഗല്‍ മെട്രോളജി വകുപ്പ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. സിവില്‍സപ്ലൈസ് ആവശ്യത്തിനുള്ള പൊങ്കാല സാധനങ്ങള്‍ ലഭ്യമാക്കും. തിരുവനന്തപുരം നഗരസഭ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
Discussion about this post