ചെട്ടികുളങ്ങര:കുംഭഭരണിഉത്സവം കെങ്കേമമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഓണാട്ടുകര. കുത്തിയോട്ടവീടുകളില്‍ ചൊവ്വാഴ്ച പൊലിവ് കഴിഞ്ഞു. ബുധനാഴ്ച വിശ്രമം.ഇത്തവണ 14 കുത്തിയോട്ടമാണുള്ളത്. കഴിഞ്ഞവര്‍ഷം ആറന്മുളയില്‍നിന്നുള്‍പ്പെടെ 22 കുത്തിയോട്ടമാണ് ഷേത്രത്തിലെത്തിയിരുന്നത്.ഭരണിനാളില്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ മുഴുവന്‍ സമയവും ദര്‍ശനസൗകര്യം ലഭിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ തുറക്കുന്ന ക്ഷേത്രനട അടുത്തദിവസം ഉച്ചപ്പൂജയ്ക്കുശേഷം മാത്രമേ അടയ്ക്കുകയുള്ളു.
വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ കുത്തിയോട്ടവരവ് തുടങ്ങും. ഇത് ഉച്ചവരെ നീളും.
വൈകുന്നേരം നാലുമണിയോടെ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലേക്കെത്തിത്തുടങ്ങും. കരകളുടെ ക്രമത്തില്‍ എത്തുന്ന കെട്ടുകാഴ്ചകള്‍ ഭഗവതിയുടെ മുന്നില്‍ ദര്‍ശനം നടത്തിയശേഷം കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിലേക്ക് മാറ്റും.
രാത്രി 7.30ന് ചേരുന്ന ഹിന്ദുമതസമ്മേളനം കേന്ദ്ര ഊര്‍ജസഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായര്‍ ഗ്രാന്റ് വിതരണം നിര്‍വഹിക്കും. 10.30ന് അക്ഷരശ്ലോകസദസ്സ്, 11ന് കഥകളി, പുലര്‍ച്ചെ 3.30ന് വേലകളി, 4ന് കെട്ടുകാഴ്ചകള്‍ക്കു മുന്നില്‍ ദേവിയുടെ എഴുന്നള്ളത്ത് എന്നിവ നടക്കും.
േരുകളുടെയും കുതിരകളുടെയും കൂടാരം ഉറപ്പിക്കുന്നിടംവരെ എത്തിയിരിക്കുന്നു ഒരുക്കങ്ങള്‍.നടീല്‍വസ്തുക്കളും കാര്‍ഷികോപകരണങ്ങളുമായി ഭരണിച്ചന്തതുടങ്ങി. കാച്ചില്‍, ചേന, ചേമ്പ്, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങി ഇഞ്ചിയും മഞ്ഞളും വരെയുള്ള നടീല്‍വസ്തുക്കള്‍ എത്തിയിട്ടുണ്ട്. കറിപ്പിച്ചാത്തികള്‍, കോടാലികള്‍, മണ്‍വെട്ടികള്‍ തുടങ്ങിയ കാര്‍ഷികോപകരണങ്ങളും പച്ചക്കറിവിത്തുകളും ലഭ്യമാണ്.
ക്ഷേത്രത്തില്‍ 13 കരയുടെയും നേതൃത്വത്തില്‍ നടത്തുന്ന എതിരേല്പ് ഉത്സവം 18 മുതല്‍ 30 വരെ നടക്കും. എല്ലാ ദിവസവും കരകളുടെ ആസ്ഥാനത്തുനിന്ന് ക്ഷേത്രത്തിലേക്ക് ഉരുളിച്ചവരവ്, കലാപരിപാടികള്‍, എതിരേല്പ് വരവ് എന്നിവ ഉണ്ടാകും.
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവങ്ങളുടെ സമാപ്തി കുറിച്ചുകൊണ്ടുള്ള അശ്വതിമഹോത്സവം ഏപ്രില്‍ അഞ്ചിനാണ്. കുട്ടികള്‍ ഒരുക്കുന്ന നൂറുകണക്കിന് അതിമനോഹരങ്ങളായ ചെറിയ കെട്ടുകാഴ്ചകള്‍ അന്ന് ക്ഷേത്രത്തിലെത്തിച്ചേരും. പുലര്‍ച്ചെ ക്ഷേത്രത്തിന്റെ തെക്കും വടക്കുംനിന്നുള്ള പോളവിളക്കും തിരുപ്പന്തഓട്ടവും എഴുന്നള്ളത്തും ദേവിയുടെ കൊടുങ്ങല്ലൂരേക്കുള്ള യാത്രചോദിപ്പും ദര്‍ശിച്ച് സായുജ്യമടയാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിച്ചേരുക.
Discussion about this post