കൊച്ചി: ഗോസ്‌പല്‍ ഫോര്‍ ഏഷ്യ ട്രസ്‌റ്റിന്റെ പേരില്‍ കെ.പി. യോഹന്നാന്‍ വിദേശഫണ്ട് കൈപ്പറ്റുന്നതിനെ ക്കുറിച്ചും കോടികളുടെ ഫണ്ട് വകമാറ്റി വിനിയോഗിക്കുന്നതിനെ ക്കുറിച്ചും മറ്റും അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര, ധനകാര്യ സെക്രട്ടറിമാര്‍ക്കും സംസ്‌ഥാന ആഭ്യന്തര സെക്രട്ടറിക്കും ഹൈക്കോടതി അടിയന്തര നോട്ടീസ് പുറപ്പെടുവിച്ചു. ഫണ്ട് വിനിയോഗം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്‌ഥാന സര്‍ക്കാര്‍ 2008ല്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ എന്തു നടപടിയെടുത്തുവെന്നു വിശദമായി കേന്ദ്രസര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
സംസ്‌ഥാന അഡീ. ചീഫ് സെക്രട്ടറി 2008 ജൂണ്‍ 20നു കേന്ദ്രആഭ്യന്തര സെക്രട്ടറിക്ക്‌അയച്ച കത്തിനു കേന്ദ്രം പരിഗണന നല്‍കിയോ എന്നറിയില്ല. ഏതെങ്കിലും വ്യക്‌തിയല്ല ആരോപണം ഉന്നയിക്കുന്നത്. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാന സര്‍ക്കാരാണു സംശയം ഉന്നയിക്കുന്നതെന്നു കോടതി അഭിപ്രായപ്പെട്ടു.ട്രസ്‌റ്റിന്റെ മറവില്‍ വന്‍തോതില്‍ ഭൂമി വാങ്ങിയതും സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വയ്‌ക്കുന്നതും ഉള്‍പ്പെടെ ഇടപാടുകള്‍ സിബിഐ, എന്‍ഐഎ, ഡിആര്‍ഐ തുടങ്ങി കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി എ.എം. വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണു ചീഫ് ജസ്‌റ്റിസ് ജെ. ചെലമേശ്വര്‍, ജസ്‌റ്റിസ് പി.എന്‍. രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ഭൂമി വാങ്ങിയതിന്റെയും ഫണ്ട് കൈപ്പറ്റിയതിന്റെയും രേഖകള്‍വിളിച്ചുവരുത്തണമെന്നും ഹര്‍ജിഭാഗം ആവശ്യപ്പെട്ടു.2008 ജൂണ്‍ 20ന് അഡീ. ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിലെ പ്രസക്‌തഭാഗങ്ങള്‍ കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. യുഎസിലെ ടെക്‌സസില്‍ നിന്നു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നല്‍കിയ 1044 കോടി രൂപ ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയും ഗോസ്‌പല്‍ ഫോര്‍ ഏഷ്യയും കൈപ്പറ്റിയെന്നു കത്തില്‍ പറയുന്നു.
ട്രസ്‌റ്റുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആക്ഷേപം നിലവിലുണ്ട്. സംസ്‌ഥാനത്തിന് അകത്തും പുറത്തും കോടിക്കണക്കിനു രൂപയുടെ ഭൂമി വാങ്ങി. ദാതാക്കള്‍ ഉദ്ദേശിച്ച ആവശ്യത്തിനാണോ ഫണ്ട് ഉപയോഗിച്ചതെന്നും കേന്ദ്രത്തിനു നല്‍കിയ ഉറപ്പിന് അനുസൃതമായാണോ പണം വിനിയോഗിക്കുന്നതെന്നും സംശയമുണ്ട്. അതിനാല്‍ അക്കൗണ്ട് പരിശോധിച്ച്, ഫണ്ട് വിനിയോഗത്തെക്കുറിച്ച് അന്വേഷിക്കണമെന്നു സംസ്‌ഥാന സര്‍ക്കാരിന്റെ കത്തില്‍ പറയുന്നു. ഈ കത്തിന്റെ അടിസ്‌ഥാനത്തില്‍ നടപടിയുണ്ടായില്ലെന്നാണു ഹര്‍ജിക്കാരന്റെ ആക്ഷേപം.
Discussion about this post