തിരുവനന്തപുരം: സമ്പൂര്‍ണ്ണ ജൈവ കാര്‍ഷിക മണ്ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജൈവകൃഷിയില്‍ 2015 ഏപ്രില്‍ മുതല്‍ 2016 ജൂലൈ വരെയുള്ള കാലയളവില്‍ മികച്ച നേട്ടം കൈവരിച്ച നിയോജകമണ്ഡലം, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയ്ക്ക് സംസ്ഥാനതലത്തിലും ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാ തലത്തിലുമാണ് അവാര്‍ഡുകള്‍ നല്‍കുന്നതെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.
സംസ്ഥാനതല നിയോജകമണ്ഡല അവാര്‍ഡ് ഒന്നാം സമ്മാനം മാനന്തവാടി നിയോജകമണ്ഡലത്തിനും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആലപ്പുഴ, പീരുമേട് നിയോജക മണ്ഡലങ്ങള്‍ക്കും ലഭിച്ചു. സംസ്ഥാനതല മുന്‍സിപ്പാലിറ്റി അവാര്‍ഡ് ഒന്നാം സ്ഥാനം സുല്‍ത്താന്‍ ബത്തേരിക്കും രണ്ടും, മൂന്നും സ്ഥാനങ്ങള്‍ വൈക്കം, ചിറ്റൂര്‍ തത്തമംഗലം മുന്‍സിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുളള അവാര്‍ഡ് തിരുവനന്തപുരം കോര്‍പറേഷനും ലഭിച്ചു. 42 ഗ്രാമപഞ്ചായത്തുകളെ പുരസ്‌കാരത്തിന് നിശ്ചയിച്ചിട്ടുണ്ട്. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച നിയോജകമണ്ഡലങ്ങള്‍ക്ക് യഥാക്രമം, 15, 10, അഞ്ച് ലക്ഷം രൂപയും മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തലത്തില്‍ മൂന്ന്, രണ്ട്, ഒരു ലക്ഷം രൂപ വീതവും കോര്‍പ്പറേഷന്‍തലത്തില്‍ ഒന്നാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയുമാണ് ലഭിക്കുക. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജൈവകൃഷി പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജൈവവളം, ജീവാണുവളം, വളര്‍ച്ചാ ത്വരകങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവയടങ്ങുന്ന സസ്യസംരക്ഷണ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
കാര്‍ഷിക സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന അളവില്‍ പ്രധാന മൂലകങ്ങള്‍ അടങ്ങിയ ജൈവോത്പന്നങ്ങളാണ് വില്‍പനയ്ക്ക് തയ്യാറാക്കുന്നത്. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ക്കൊപ്പം വളര്‍ച്ചാത്വരകങ്ങളും കമ്പോസ്‌ററ് അടക്കമുള്ള ജൈവവളങ്ങളും ലഭ്യമാവും. ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മാര്‍ച്ച് 13ന് മുഖ്യമന്ത്രി നിര്‍വഹിക്കും. കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൃഷി ബിസിനസ്സ് കേന്ദ്രങ്ങള്‍ വഴിയും സംസ്ഥാനമൊട്ടാകെയുള്ള സ്വാശ്രയ കര്‍ഷക സമിതികളിലെ ഇന്‍പുട്ട് സെന്റററുകള്‍ വഴിയും ഇവ വിപണനം ചെയ്യാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.












