തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ വരുന്ന കച്ചവടസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ തുടങ്ങിയവ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
ഉത്സവവുമായി ബന്ധപ്പെട്ട് അന്നദാനം നടത്തുന്നവരും താത്കാലിക വില്പന നടത്തുന്നവരും നിര്‍ബന്ധമായും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ എടുക്കണം. ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് ഒരു ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും നൂറ് രൂപ ഫീസും സഹിതം ഏതെങ്കിലും അക്ഷയ സെന്റര്‍ വഴി അപേക്ഷിക്കാം. ആറ്റുകാല്‍ ക്ഷേത്ര സമീപത്തുള്ള കണ്‍ട്രോള്‍ റൂമില്‍ നിന്നും രജിസ്‌ട്രേഷന്‍ എടുക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ എടുക്കുന്നവര്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി ലഭിക്കുകയുള്ളൂ.
ഉത്സവവുമായി ബന്ധപ്പെട്ട് കൃത്രിമ മധുരപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത ജ്യൂസ്, ഐസ് മിഠായി, എന്നിവയുടെ വില്പനയില്‍ നിന്നും എല്ലാ വ്യാപാരികളും താത്കാലിക കച്ചവടക്കാരും ഒഴിഞ്ഞുനില്‍ക്കണം. ഇത്തരം വില്പന അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. പഞ്ഞിമിഠായി, ഐസ് മിഠായി എന്നിവ വാങ്ങി കഴിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. ഉത്സവകാലത്ത് ഭക്ഷ്യ വില്പനസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് തിരുവനന്തപുരം ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെയും അസിസ്റ്റന്റ് കമ്മീഷണര്‍ (ഇന്റലിജന്‍സിന്റെയും) നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. സുരക്ഷിതമായ ആഹാരം എല്ലാവര്‍ക്കും ലഭിക്കുന്നതിനായി ഫുഡ് സേഫ്റ്റി വകുപ്പ് സ്വീകരിക്കുന്ന നടപടികളോട് കച്ചവടക്കാരും പൊതുജനങ്ങളും ഭക്തജനങ്ങളും പൂര്‍ണമായി സഹകരിക്കണമെന്ന് അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പരിലോ 8943346526, 8943346528, 8943346195 എന്നീ നമ്പരുകളിലോ അറിയിക്കാം. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഉണ്ടാകുന്ന പരാതികള്‍ ആറ്റുകാല്‍ ക്ഷേത്ത്രിനു സമീപത്തുള്ള ഫുഡ് സേഫ്റ്റി കണ്‍ട്രോള്‍ റൂമിലും അറിയിക്കാം.
Discussion about this post