മലപ്പുറം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ഒന്‍പത് പേരുടെ പത്രികകള്‍ സ്വീകരിക്കുകയും മൂന്ന് ഡെമ്മി സ്ഥാനാര്‍ഥികളുടേത് ഉള്‍പ്പെടെ ഏഴ് പേരുടേത് തള്ളുകയും ചെയ്തു.
പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്), എം.ബി. ഫൈസല്‍ (സി.പി.ഐ.എം.), ശ്രീപ്രകാശ് (ബി.ജെ.പി.), അബ്ദുല്‍ സഗീര്‍, കെ.പി. കുഞ്ഞാലിക്കുട്ടി, മുഹമ്മദ്, മുഹമ്മദ് ഫൈസല്‍, എ.കെ. ഷാജി, കെ. ഷാജിമോന്‍ (എല്ലാവരും സ്വതന്ത്രര്‍) എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്. ആകെ 16 പേരുടെ നാമനിര്‍ദേശങ്ങളായിരുന്നു ലഭിച്ചിരുന്നത്. നാമനിര്‍ദേശകര്‍ ഇല്ല, അഫിഡവിറ്റ് നല്‍കിയില്ല, നിശ്ചിത തുക കെട്ടിവെച്ചില്ല എന്നീ കാരണങ്ങളാണ് നാല് പേരുടെ പത്രികകള്‍ നിരസിച്ചത്.
പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ സ്വീകരിച്ചതിനാല്‍ മൂന്ന് ഡെമ്മി സ്ഥാനാര്‍ഥികളുടെ പത്രികകളും സ്വീകരിച്ചില്ല. വരണാധികാരിയും ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ജില്ലാ കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ നടന്ന സൂക്ഷ്മപരിശോധനയില്‍ സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പത്രികകള്‍ മാര്‍ച്ച് 27 വരെ പിന്‍വലിക്കാം. അന്നേ ദിവസം തന്നെ വൈകീട്ട് മൂന്നിന് സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കും. അതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.
ഏപ്രില്‍ 12 നാണ് വോട്ടെടുപ്പ്.
Discussion about this post