തിരുവനന്തപുരം: പരമ്പരാഗത തൊഴില്‍ മേഖല സംരക്ഷിക്കാനും നവീകരിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി, പിന്നാക്കക്ഷേമ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കരകൗശല വിദഗ്ധര്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക വത്കരണവും യന്ത്രവത്കരണവും പരമ്പരാഗത തൊഴില്‍ മേഖലയിലേക്ക് കടന്നു വരുന്നത് ഈ തൊഴില്‍മേഖലയ്ക്ക് എത്ര മാത്രം ഗുണകരമാകും എന്നു വിലയിരുത്തി വേണം അതിനെ പ്രോത്സാഹിപ്പിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഊര്‍ജ്ജിത ഇടപെടലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളുടെ തൊഴില്‍ മാത്രമല്ല, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക സുരക്ഷയ്ക്കും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. പരമ്പരാഗത തൊഴിലാളികളുടെ ഉത്പന്നങ്ങള്‍ എല്ലാ ദിവസവും പ്രദര്‍ശിപ്പിക്കുന്നതിനും വില്പന നടത്തുന്നതിനും സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ ക്രാഫ്ട് വില്ലേജുകള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിന്നാക്ക ക്ഷേമ വകുുപ്പ് ഡയറക്ടര്‍ വി.എസ്. മുഹമ്മദ് ഇബ്രാഹിം, എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.യു. മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു.
Discussion about this post