ആലുവ:തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ആലുവ തായിക്കാട്ടുകര പടിഞ്ഞാറെവീട്ടില്‍ (ഷാഹിദ മന്‍സില്‍) അബ്‌ദുല്‍ സലാം (52), ഇയാളുടെ വീട്ടില്‍ പ്രതികളിലൊരാളുടെ മുറിവു തുന്നിക്കെട്ടിയ ആലുവയിലെ അല്‍ അമീന്‍ ഡന്റല്‍ ക്ലിനിക് ഉടമ ഡോ. റെനിഫ് (39) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ആലുവ ഡിവിഷന്‍ സെക്രട്ടറിയാണ് അബ്‌ദുല്‍ സലാം.
അക്രമികള്‍ യാത്രചെയ്യാന്‍ ഉപയോഗിച്ച ഇയാളുടെ വാഹനവും പിടിച്ചെടുത്തു. റെനിഫിന്റെ പക്കല്‍ നിന്ന് ഒരു ലാപ്‌ടോപ് പിടിച്ചെടുത്തതായും സൂചനയുണ്ട്.ഓഗസ്‌റ്റ് 15നു പോപ്പുലര്‍ ഫ്രണ്ട് ആലുവയില്‍
നടത്താന്‍ തീരുമാനിച്ചിരുന്ന ഫ്രീഡം പരേഡിന്റെ ഭാഗമായ പരിശീലനം അവസാനിപ്പിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി.
ഇതേസമയം, സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോപ്പുലര്‍ഫ്രണ്ട്, എസ്‌ഡിപിഐ സംഘടനകളുടെ സംസ്‌ഥാന ഓഫിസുകളടക്കമുള്ള പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ പൊലീസ് റെയ്‌ഡ് നടത്തി. പലേടത്തും നേതാക്കളുടെ വീടുകളും പൊലീസ് പരിശോധിച്ചു. കഴിഞ്ഞ ദിവസം ബോംബുകളും ആയുധങ്ങളും കണ്ടെടുത്ത കണ്ണൂര്‍ ജില്ലയില്‍ വീണ്ടും ഒട്ടേറെ ബോംബുകളും ആയുധങ്ങളും പിടികൂടി. ലഘുലേഖകള്‍, സിഡികള്‍ കംപ്യൂട്ടര്‍ തുടങ്ങിയവയും വിവിധ സ്‌ഥലങ്ങളിലെ റെയ്‌ഡിനിടെ പിടികൂടി. ചിലയിടങ്ങളില്‍ രേഖകള്‍ കത്തിച്ചതായി കണ്ടെത്തി.
റെയ്‌ഡില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ പലേടത്തും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റത്തിനു മുതിര്‍ന്നു.അറസ്‌റ്റിലായ അബ്‌ദുല്‍ സലാം ഗൂഢാലോചനയിലും പ്രതികളെ രക്ഷപ്പെടുത്തിയതിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. മൂവാറ്റുപുഴ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ സലാമിനെ 23 വരെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു.അധ്യാപകന്റെ കൈ വെട്ടിയശേഷം പ്രതികള്‍ കോതമംഗലം നെല്ലിക്കുഴിയില്‍ എത്തി, അവിടെ നിന്നു മറ്റൊരു കാറില്‍ ആലുവയില്‍ അബ്‌ദുല്‍ സലാമിന്റെ വീട്ടില്‍ എത്തുകയായിരുന്നു.
ഇവിടെ പ്രതികള്‍ക്കു ചികിത്സ നടത്തി.ചികിത്സയ്‌ക്കു ശേഷം പ്രതികളെ സ്വന്തം വാഹനത്തില്‍ അബ്‌ദുല്‍ സലാം അങ്കമാലി കെഎസ്‌ആര്‍ടിസി സ്‌റ്റാന്‍ഡിനു സമീപം ഇറക്കിവിട്ടതായാണു മൊഴിയെങ്കിലും ഇക്കാര്യം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റേതെങ്കിലും രഹസ്യ കേന്ദ്രത്തിലോ റയില്‍വേ സ്‌റ്റേഷനിലോ എത്തിച്ചിട്ടുണ്ടാകുമെന്നാണു നിഗമനം.
അബ്‌ദുല്‍ സലാം 20 വര്‍ഷത്തോളം കുവൈത്തില്‍ ജോലി ചെയ്‌തിരുന്നു. എറണാകുളത്തു സ്വന്തമായി വീടുള്ള സലാം വിദേശ പൗരന്മാര്‍ക്കു നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ ചികിത്സാ സൗകര്യം ഏര്‍പ്പാടാക്കാറുണ്ട്.മൂവാറ്റുപുഴ സിഐ പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള സംഘമാണു സലാമിനെയും ഡന്റല്‍ ഡോക്‌ടറെയും പിടികൂടിയത്.ബന്ധുക്കളുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന് അബ്‌ദുല്‍ സലാം കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു കോടതി മുറിക്കുള്ളില്‍ കൂടിക്കാഴ്‌ചയ്‌ക്ക് അവസരം നല്‍കി.
പ്രതിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന ഡോക്‌ടറുടെ സര്‍ട്ടിഫിക്കറ്റ് പൊലീസ് കോടതിയില്‍ ഹാജരാക്കി.ഇതിനിടെ, കഴിഞ്ഞ ദിവസം അറസ്‌റ്റിലായി റിമാന്‍ഡ് ചെയ്‌തിരുന്ന ആലുവ മുപ്പത്തടം അയിരുപൊഴിയില്‍ ഷജീറിനെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി 23 വരെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു. നേരത്തേ കസ്‌റ്റഡിയില്‍ വാങ്ങിയിരുന്ന ജാഫറിനെ തിരികെ സബ് ജയിലിലേക്കു വിട്ടു.കൈവെട്ടിയ കേസിലെ പ്രതികളെ സാമ്പത്തികമായും മറ്റു പലവിധത്തിലും ചിലര്‍ സഹായിക്കുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പു നല്‍കി.
ഇന്നലത്തെ റെയ്‌ഡില്‍ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ 26 ബോംബുകളും ആയുധങ്ങളുമാണു കണ്ടെടുത്തത്. മഅദനിക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ലഘുലേഖകളും പോസ്‌റ്ററുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
എടക്കാട് മണപ്പുറത്തെ അടഞ്ഞുകിടന്നിരുന്ന കെട്ടിടത്തില്‍ നിന്നു കഴിഞ്ഞദിവസം വാളുകളും ബോംബുകളും പിടിച്ചെടുത്ത സംഭവത്തില്‍ ഒരു പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനെ എടക്കാട് പൊലീസ് കസ്‌റ്റഡിയിലെടുത്തു. സ്‌ഫോടകവസ്‌തുക്കള്‍ സൂക്ഷിച്ച നാലുപേരില്‍ ഒരാളാണ് ഇയാളെന്നു പൊലീസ് സൂചിപ്പിച്ചു.ഇരിട്ടി പുന്നാട് പുറപ്പാറയിലെ ആളൊഴിഞ്ഞ പറമ്പില്‍ രണ്ടു ബക്കറ്റില്‍ കുഴിച്ചിട്ട നിലയിലാണു 17 ബോംബുകള്‍ കിട്ടിയത്. എസ്‌ഡിപിഐ ഓഫിസായി പ്രവര്‍ത്തിക്കുന്ന കുഞ്ഞാലിമരയ്‌ക്കാര്‍ സാംസ്‌കാരിക സെന്ററിന്റെ സമീപത്താണിത്. പാനൂര്‍ പാറാട്ടെ പെട്രോള്‍ പമ്പിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് എട്ടു സ്‌റ്റീല്‍ ബോംബുകളും ഒരു നാടന്‍ബോംബും കണ്ടെടുത്തത്. തൊട്ടടുത്ത ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നു മഴുവും വാളും ഇരുമ്പുപൈപ്പുകളും കണ്ടെത്തി.
പയ്യന്നൂര്‍ പെരുമ്പ താഴത്തുവയിലില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ അലിയാപ്പുറം അഫ്‌സലിന്റെ വീട്ടില്‍ നിന്നു രണ്ടു വാള്‍, നാലു കൊടുവാള്‍, ലഘുലേഖകള്‍, രണ്ടു സിംകാര്‍ഡ് എന്നിവ പിടിച്ചെടുത്തു.കാസര്‍കോട് ജില്ലയിലെ റെയ്‌ഡില്‍ കംപ്യൂട്ടറും സിഡികളും ലഘുലേഖകളും പിടിച്ചെടുത്തു. പെരുമ്പള പാലത്തിനടുത്തുള്ള ഓഫിസില്‍ ലഘുലേഖകളും രേഖകളും മണിക്കൂറിനു മുന്‍പേ കത്തിച്ച നിലയിലായിരുന്നു.കോഴിക്കോട്ടെ പോപ്പുലര്‍ ഫ്രണ്ടിന്റെയും ക്യാംപസ് ഫ്രണ്ടിന്റെയും സംസ്‌ഥാന കമ്മിറ്റി ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ ലഘുലേഖകള്‍ക്കൊപ്പം ലഭിച്ച സിഡികള്‍ വിശദപരിശോധനയ്‌ക്കായി സൈബര്‍ സെല്ലിനു കൈമാറി.
കോഴിക്കോട് നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളടക്കം 25 കേന്ദ്രങ്ങളിലായിരുന്നു പരിശോധന.വയനാട് ജില്ലയിലെ മാനന്തവാടിയിലും ചെറ്റപ്പാലത്തും പൊലീസ് പരിശോധന നടത്തി.എഡ്‌ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസിലടക്കം നടത്തിയ പരിശോധനകളില്‍ ലഘുലേഖകള്‍, സിഡികള്‍, മറ്റു രേഖകള്‍ എന്നിവ കണ്ടെടുത്തു.
കൊണ്ടോട്ടി, ചങ്ങരംകുളം, പൊന്നാനി, എടപ്പാള്‍ മേഖലകളില്‍ വൈകിട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. നിലമ്പൂര്‍ ചന്തക്കുന്നിലും പരിശോധന കഴിഞ്ഞു മടങ്ങുമ്പോള്‍ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി.പാലക്കാട് ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നാനൂറോളം പ്രധാന പ്രവര്‍ത്തകരുടെ വിശദ വിവരങ്ങള്‍ പരിശോധനയ്‌ക്കിടെ പൊലീസ് ശേഖരിച്ചതായി സൂചനയുണ്ട്. പുതുനഗരത്ത് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നു സിഡി കണ്ടെടുത്തെങ്കിലും വിശാദംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
തൃശൂര്‍ ജില്ലയുടെ തീരദേശ മേഖലകളിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫിസുകളിലും നേതാക്കളുടെ വീട്ടിലും പൊലീസ്‌റെയ്‌ഡ് നടത്തി. ചാവക്കാട് കുന്നംകുളം, പാവറട്ടി, വാടാനപ്പള്ളി, തൃപ്രയാര്‍ മേഖലകളില്‍ ഇന്നലെ വൈകിട്ട് ആരംഭിച്ച റെയ്‌ഡ് രാത്രി വരെ നീണ്ടു.ചില വീടുകളില്‍ നിന്നു കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, സിഡികള്‍, ലഘുലേഖകള്‍ എന്നിവ പിടിച്ചെടുത്തതായി സൂചനയുണ്ട്.
ചാവക്കാട് പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ കമ്മിറ്റി ഓഫിസും റെയ്‌ഡ് ചെയ്‌തു. സംഭവത്തില്‍ പ്രതിഷേധിച്ചു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചാവക്കാട്ടു പ്രകടനം നടത്തി.
ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്തുള്ള പോപ്പുലര്‍ ഫ്രണ്ട് ജില്ലാ ഓഫിസിലടക്കമായിരുന്നു പൊലീസ് പരിശോധന. അടിമാലിയില്‍ ഒരു നേതാവ് വാടകയ്‌ക്ക് എടുത്തിരുന്ന കെട്ടിടത്തിലും പരിശോധന നടന്നു. ലഘുലേഖകളടക്കമുള്ളവ ഇവിടെ നിന്നു നീക്കം ചെയ്‌തതായി പൊലീസ് സംശയിക്കുന്നു.
കോട്ടയം ജില്ലയിലെ കുമ്മനത്തെ മുസ്‌ലീം ജമാഅത്ത് പള്ളിയോടു ചേര്‍ന്നുള്ള ഇമാമിന്റെ മുറിയില്‍ പൊലീസ് പരിശോധനയ്‌ക്കെത്തിയ തിനെ തുടര്‍ന്നു നൂറുകണക്കിനു പേര്‍ തടിച്ചുകൂടിയതു ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. പൊലീസ് റെയ്‌ഡിനെത്തിയതറിഞ്ഞു സ്‌ത്രീകളും കുട്ടികളുമടക്കമുള്ള വിശ്വാസികളും പോപ്പുലര്‍ ഫ്രണ്ട് – എസ്‌ഡിപിഐ പ്രവര്‍ത്തകരും തടിച്ചുകൂടി. ഇമാമിന്റെ മുറിയില്‍ നിന്നു നാലു സിഡികള്‍ പൊലീസ് പിടിച്ചെടുത്തതു ജമാഅത്ത് ഭാരവാഹികളുടെ ആവശ്യത്തെ തുടര്‍ന്നു പ്രദര്‍ശിപ്പിച്ച ശേഷമാണു പൊലീസ് കൊണ്ടുപോയത്.
സിഡിയില്‍ മൂന്നെണ്ണം മതപ്രഭാഷണവും ഒന്നു ഫ്രീഡം പരേഡിന്റേതുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പരിശോധനയ്‌ക്കെത്തിയ പൊലീസ് ഇമാം സക്കീല്‍ ഹുസൈന്‍ മൗലവിയുടെ കൈക്കുപിടിച്ചു വലിച്ചതായി പള്ളി ഭാരവാഹികള്‍ ആരോപിച്ചു. പ്രകോപനപരമായി പ്രസംഗിച്ചതിന് ഇമാമിനെതിരെ കേസ് റജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നു പൊലീസ് ഉദ്യോഗസ്‌ഥര്‍ ഭാരവാഹികളെ അറിയിച്ചു.
സംഭവസ്‌ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവയ്‌ക്കുകയും മര്‍ദിക്കുകയും ചെയ്‌തതായും പരാതിയുണ്ട്. ദേശാഭിമാനി ഫൊട്ടോഗ്രഫര്‍ ജി. പ്രമോദ്, മംഗളം ഫൊട്ടോഗ്രഫര്‍ തമ്പാന്‍ പി. വര്‍ഗീസ് എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സ്‌ഥലത്തെത്തിയ സി പിഎം കോട്ടയം ഏരിയാ കമ്മിറ്റിയംഗം എം.എസ്. ബഷീറിനും മര്‍ദനമേറ്റതായി പരാതിയുണ്ട്. ബഷീര്‍ ജില്ലാ ആശുപത്രയില്‍ ചികില്‍സയിലാണ്.
പത്തനംതിട്ടയില്‍ പന്തളം കടയ്‌ക്കാട്ടെ ഏതാനും പ്രവര്‍ത്തകരുടെ വീടുകളിലും അടൂര്‍ പറക്കോട്ടെ എസ്‌ഡിപിഐ മേഖലാ ഓഫിസിലും പരിശോധന നടന്നു. ആലപ്പുഴയില്‍ എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫിസുകളിലടക്കം നടന്ന പരിശോധനകള്‍ക്കിടെ വലിയമരത്ത് ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ഒരുസംഘം തടഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രാദേശിക ചാനലിന്റെ ക്യാമറാമാനില്‍ നിന്നു ക്യാമറ പിടിച്ചുവാങ്ങി ടേപ്പ് നശിപ്പിച്ചു. ഡിവൈഎസ്‌പി ബി. രവീന്ദ്രപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന .
കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി പുതിയകാവിലെ പോപ്പുലര്‍ ഫ്രണ്ട് ദക്ഷിണമേഖലാ ഓഫിസടക്കം വ്യാപകമായി പൊലീസ് റെയ്‌ഡ് നടന്നു. മിക്കയിടത്തും സിഡിയും ലഘുലേഖകളും പിടിച്ചെടുത്തു. എസ്‌ഡിപിഐയുടെ മുഖപത്രമായ തേജസിന്റെ ഓയൂര്‍, കുളത്തൂപ്പുഴ പ്രാദേശിക ബ്യൂറോകളിലും പരിശോധന നടന്നു.ഓയൂര്‍ ഓഫിസില്‍ നിന്നു ഇലക്‌ഷന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, അഞ്ചു സിഡികള്‍, ഫയലുകള്‍ എന്നിവ പിടിച്ചെടുത്തു.
തലസ്‌ഥാനത്തു പോപ്പുലര്‍ ഫ്രണ്ടിന്റെ മണക്കാടുള്ള ജില്ലാ കമ്മിറ്റി ഓഫിസിലും ഊറ്റുകുഴിയിലെ എസ്‌ഡിപിഐ ഓഫിസിലും റെയ്‌ഡ് നടത്തി. ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മിഷണര്‍ ബി. വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു മണക്കാട്ടെ റെയ്‌ഡ്. പൊലീസ് സംഘം എത്തുന്നതിനു മുന്‍പ് ഓഫിസിലുണ്ടായിരുന്ന ലഘുലേഖകള്‍ കത്തിച്ചുകളഞ്ഞതായി പൊലീസ് സംശയിക്കുന്നു. റെയ്‌ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ജാഥ നടത്തി. അനുമതിയില്ലാതെ ധര്‍ണ നടത്തിയത് ഡിസിപി നാഗരാജു തടയാന്‍ ശ്രമിച്ചത് അല്‍പനേരം സംഘര്‍ഷം സൃഷ്‌ടിച്ചു. നേതാക്കള്‍ ഇടപെട്ടു പ്രവര്‍ത്തകരെ ശാന്തരാക്കി. പ്രകടനം നടത്തിയതിനു 70 പേര്‍ക്കെതിരെ കേസെടുത്തു.
Discussion about this post