തിരുവനന്തപുരം: നിയമനിര്‍മാണ സഭകളില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നിയമം പാസ്സാക്കണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന വനിതാപാര്ലമന്റ് ആവശ്യപ്പെട്ടു. വീട്ടിലും തൊഴിലിടങ്ങളിലും സമൂഹത്തിന്റെ എല്ലാ ഇടങ്ങളിലും സ്ത്രീകളുടെ അധികാരം ഉറപ്പിക്കാന്‍ ബോധവത്കരണം നടത്തണമെന്നും ആവശ്യമുയര്‍ന്നു. മന്ത്രിമാര്‍, എംഎല്‍എമാര്‍, സംസ്ഥാനത്തെ തദ്ദേശഭരണ സാരഥികള്‍ തുടങ്ങി സ്ത്രീകളുടെ വന്‍ സാന്നിധ്യം വനിതാ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു. ആദ്യമന്ത്രിസഭയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് വനിതാ പാര്‍ലമെന്റ് സംഘടിപ്പിച്ചത്. മന്ത്രിമാരായ ജെ. മെഴ്സിക്കുട്ടിയമ്മ, കെ.കെ ശൈലജ എന്നിവര്‍ ടാഗോര്‍ തിയേറ്ററില്‍ നടന്ന വനിതാപാര്ലമന്റിന് നേതൃത്വം നല്കി. സ്ത്രീ സമത്വത്തിന്റെ കാര്യത്തില്‍ മുന്നേറ്റം സാധ്യമാകണമെങ്കില്‍ പരമ്പരാഗത മനോഭാവങ്ങള്‍ മാറേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. സ്ത്രീകളുടെ മനോഭാവത്തില്‍ കൂടി മാറ്റം വന്നാലേ ലിംഗസമത്വം യാഥാര്‍ഥ്യമാകൂ. ഇതിനായി വിവിധ തലങ്ങളിലുള്ള സ്ത്രീകളെ ഒരുമിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ലജിസ്ലേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഇനിയും പൂര്‍ണമായ അര്‍ഥത്തില്‍ ജനാധിപത്യവത്കരിക്കപ്പെട്ടിട്ടില്ലെന്ന് ആമുഖ പ്രഭാഷണത്തില്‍ മന്ത്രി കെകെ ശൈലജ പറഞ്ഞു. ലജിസ്ലേച്ചറിലെ സ്്രതീ പങ്കാളിത്തം ഉറപ്പാക്കിയാല്‍ മാത്രമേ അത് സാധ്യമാകൂ. സ്ത്രീസൗഹാര്‍ദപരമായ നിരവധി പദ്ധതികള്‍ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെന്നും കെ.കെ ശൈലജ പറഞ്ഞു. സുഗതകുമാരി, നിലമ്പൂര്‍ ആയിഷ, ലിഡ ജേക്കബ്, വിധുവിന്‍സന്റ്, കെ.എം ബീന മോള്, ഗായിക രാജലക്ഷ്മി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ഭാര്‍ഗവീ തങ്കപ്പന്, അയിഷാ പോറ്റി എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു. സ്ത്രീ, അധികാരം, സമൂഹം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ പി സതീദേവി വിഷയം അവതരിപ്പിച്ചു. ബിന്ദു കൃഷ്ണ, ചിന്താ ജെറോം, ഗീതാ നസീര്‍ എന്നിവര്‍ പങ്കെടുത്തു. മുന്‍ വനിതാ വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ കെഎസ് സലീഖ മോഡറേറ്ററായിരുന്നു. സ്ത്രീയും സംസ്ക്കാരവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ എംസി ജോസഫൈന് വിഷയം അവതരിപ്പിച്ചു. ടി പാര്‍വതി, ശ്രീകല എംഎസ് തുടങ്ങിയവര്‍ സംസാരിച്ചു. സുജ സൂസന് ജോര്‍ജ് മോഡറേറ്റര്‍ ആയിരുന്നു. സ്ത്രീയും കേരളചരിത്രവും എന്ന വിഷയത്തില്‍ രശ്മി ബിനോയ് വിഷയം അവതരിപ്പിച്ചു. ഡോ. ടി.കെ ആനന്ദി, എ.ജി ഒലീന, ഡോ. കൊച്ചുറാണി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.സുകന്യ മോഡറേറ്റര്‍ ആയിരുന്നു. കേരള സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല ചര്‍ച്ചയില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു.
Discussion about this post