തിരുവനന്തപുരം: പോലീസ് മേധാവി സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന സുപ്രീംകോടതി വിധി മാനിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ സെന്‍കുമാര്‍ വീണ്ടും കോടതിയിലേക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. കോടതി വിധി നടപ്പിലാക്കാത്ത ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരെയാണ് ഹര്‍ജി.
സുപ്രീംകോടതി വിധി വന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും സംസ്ഥാന സര്‍ക്കാരില്‍ നിന്നും അനുകൂലമായ നിലപാടുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നിയമനടപടി. ഉത്തരവ് നടപ്പാക്കാത്ത കാരണം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി.
പോലീസ് മേധാവി സ്ഥാനത്തേക്കുള്ള തന്റെ തിരിച്ചുവരവ് അട്ടിമറിക്കാന്‍ നളിനി നെറ്റോ സാധ്യമായതെന്തും ചെയ്യുമെന്നും, നേരത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. നേരത്തെ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ സെന്‍കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അതേസമയം തനിക്ക് നഷ്ടപ്പെട്ട സര്‍വ്വീസ് കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യവും സെന്‍കുമാര്‍ സുപ്രീം കോടതിക്ക് മുന്‍പാകെ വച്ചിട്ടുണ്ട്. ഇതോടൊപ്പം തന്റെ പുറത്താകലിന് കാരണമായ നളിനി നെറ്റോയുടെ റിപ്പോര്‍ട്ടിന്‍മേല്‍ നിയമനടപടിക്കും സെന്‍കുമാര്‍ നീങ്ങുന്നുണ്ട്.
നേരത്തെ കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷമേ തീരുമാനമുള്ളൂ എന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ പകര്‍പ്പ് ഔദ്യോഗികമായി ലഭിച്ചതോടെ ആ പിടിവള്ളിയും നഷ്ടമായി. ഇതേ തുടര്‍ന്ന് വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കെയാണ് സെന്‍കുമാറിന്റെ പുതിയ നീക്കം.
Discussion about this post