തിരുവനന്തപുരം: ഭാവിക്കായി കരുതിവയ്‌ക്കേണ്ട വിലപ്പെട്ട സമ്പത്ത് ജൈവവൈവിധ്യങ്ങളായിരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കുണ്ടറ നിയോജക മണ്ഡലത്തിന്റെ സുസ്ഥിര വികസനത്തിനുള്ള ഇടം പ്രോജക്ടിന്റെ ഭാഗമായി കേരള സര്‍വകലാശാല രൂപപ്പെടുത്തിയ സമഗ്ര ജല സംരക്ഷണ ഭൂഗര്‍ഭ ജല പരിപോഷണ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മൂവായിരം മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന അപൂര്‍വം സംസ്ഥാനങ്ങളിലൊന്നാണ് കേരളമെങ്കിലും മുതലാളിത്ത വികസനം മൂലം കേരളത്തിന്റെ ഈ സവിശേഷത നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. മൂവായിരം മില്ലി മീറ്റര്‍ മഴവെള്ളം ആഗിരണം ചെയ്യാന്‍ നമ്മുടെ മണ്ണ് പ്രാപ്തമല്ലാതായതിനാല്‍ പരിസ്ഥിതി സന്തുലനത്തിന്റെ താളം തെറ്റുകയും സംസ്ഥാനത്ത് മഴ ലഭ്യത കുറയുകയും ചെയ്യുകയാണ്. മണ്ണിനെ മണ്ണാക്കിമാറ്റാന്‍ നിറയെ വേരുകളുള്ള പലതരം മരങ്ങളുണ്ടാവണം. പലതരം സസ്യജാലങ്ങളുണ്ടാവുകയാണ് ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്റെ ആദ്യഘട്ടം. ആവാസ വ്യവസ്ഥയെ നശിപ്പിക്കാതിരിക്കലാണ് സുസ്ഥിരവികസനത്തിനു വേണ്ടത്. ഭൂമിയില്‍ നിന്ന് മനുഷ്യകുലം വേരറ്റുപോയാലും മറ്റു ജീവജാലങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. എന്നാല്‍ ജീവജാലങ്ങളിലേതെങ്കിലുമൊന്ന് നശിച്ചുപോകുന്നത് മനുഷ്യകുലത്തിന് ഭീഷണിയാണ്. ഭാവിതലമുറയ്ക്കായി നാം കരുതിവക്കേണ്ടത് മറ്റു സമ്പത്തുകളൊന്നുമല്ല, ജൈവവൈവിധ്യ സമ്പത്താണ്. കുട്ടികളില്‍ ഈ അറിവ് വളര്‍ത്തിയെടുക്കാന്‍ എല്ലാ സ്‌കൂളിലും ജൈവവൈവിധ്യ ഉദ്യാനങ്ങളുണ്ടാക്കാന്‍ പഞ്ചായത്തുകള്‍ ശ്രദ്ധിക്കണം. മണ്ണിനെ പുനരുജ്ജീവിപ്പിക്കുന്ന ജലസുരക്ഷ പദ്ധതി നടപ്പാക്കുന്നതിലൂടെ കുണ്ടറ നിയോജകമണ്ഡലം കേരള വികസനത്തിന് നല്‍കാന്‍ പോകുന്ന സംഭാവന വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു.
ജലസഭ പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിദ്യാഭ്യാസമന്ത്രിയില്‍നിന്നും കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജും രണ്ടാം സ്ഥാനാര്‍ഹരായ നെടുമന, പെരിനാട് ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ എസ്. നസറുദ്ദീന്‍, എസ്. അനില്‍ എന്നിവരും ഏറ്റുവാങ്ങി.
കിണറുകള്‍ റീചാര്‍ജ്ജ് ചെയ്ത് ജലക്ഷാമത്തിന് സ്ഥിരമായ പരിഹാരം കണ്ടെത്താന്‍ പഞ്ചായത്തുകള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഫിഷറീസ് വകുപ്പുമന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ഒരു കിണര്‍ റീചാര്‍ജ്ജ് ചെയ്യാന്‍ എണ്ണായിരം രൂപ വരെ വേണ്ടിവരും. ഇതില്‍ ഒരു കിണറിന് ആയിരത്തി അഞ്ഞൂറു രൂപ വീതം 1800 കിണറിന് മുപ്പതുലക്ഷം രൂപ പഞ്ചായത്ത് ബജറ്റില്‍ മാറ്റിവയ്ക്കണം. ഇങ്ങനെ തുക മാറ്റി വയ്ക്കുന്ന ഓരോ പഞ്ചായത്തിനും എം.എല്‍.എ ഫണ്ടില്‍നിന്നും പതിനഞ്ചു ലക്ഷം രൂപ വീതം നല്‍കും. പണമില്ല എന്നത് കിണര്‍ റീചാര്‍ജ്ജിംഗ് പദ്ധതിക്ക് തടസ്സമാവരുതെന്നും മന്ത്രി പറഞ്ഞു.
ജല സുരക്ഷ മാസ്റ്റര്‍പ്ലാന്‍ പ്രകാരം 48,918 കിണറുകള്‍ റീചാര്‍ജ്ജ് ചെയ്യാനും 38,007 മഴക്കുഴികള്‍ നിര്‍മിക്കാനും 1,67,134 തെങ്ങിന്‍ തടങ്ങള്‍ തുറക്കാനും 159 കുളങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും 390 പഞ്ചായത്ത് കിണറുകള്‍ റീചാര്‍ജ്ജ് ചെയ്യാനും 106 ചെറു അരുവികള്‍ പുനരുജ്ജീവിപ്പിക്കാനും പുനക്കന്നൂര്‍ ചിറ, തലച്ചിറക്കുളം, പോളക്കര കുളം എന്നിവയുടെ നവീകരണത്തിനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.
Discussion about this post