പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതും നദിയെ മലിനമാക്കുന്ന പ്രവര്‍ത്തനങ്ങളും ജില്ലാ കളക്ടര്‍ നിരോധിച്ചു. 2011 ലെ കേരള പോലീസ് ആക്ട് സെക്ഷന്‍ 80 പ്രകാരവും 1974 ലെ വാട്ടര്‍ (പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് പൊല്യൂഷന്‍) ആക്ട് സെക്ഷന്‍ 24 പ്രകാരവുമാണ് നിരോധനം.
ഉത്തരവുപ്രകാരം പമ്പാനദിയില്‍ എണ്ണയും സോപ്പും ഉപയോഗിച്ച് കുളിക്കരുത്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രകൃതിയില്‍ ലയിച്ചുചേരാത്തതോ, ലയിക്കുന്നതിന് കാലതാമസം വരുന്നതോ ആയ ടിന്‍, ക്യാന്‍, സോഫ്റ്റ് ഡ്രിംഗ്‌സ്, ക്യാനില്‍ നിറച്ച ഭക്ഷണ സാധനങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. പ്ലാസ്റ്റിക് ബോട്ടിലില്‍ നിറച്ച വെള്ളത്തിനും നിരോധനം ബാധകമാണ്. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ഒന്നര വര്‍ഷം മുതല്‍ ആറു വര്‍ഷം വരെ തടവും പിഴയും ലഭിക്കും.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, തിരുവല്ല ആര്‍.ഡി.ഒ, എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയെ ഉത്തരവ് നടപ്പാക്കുന്നതിന് ചുമതലപ്പെടുത്തി. പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് നിരോധിച്ച് 2015 ഒക്ടോബര്‍ 16ന് കേരള ഹൈക്കോടതി ഉത്തരവായിരുന്നു. തീര്‍ഥാടകര്‍ പമ്പാനദിയില്‍ തുണി ഉപേക്ഷിക്കുന്നതും എണ്ണയും സോപ്പും ഉപയോഗിച്ച് കുളിക്കുന്നതും പമ്പയുടെ പരിസ്ഥിതി സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
Discussion about this post