പത്തനംതിട്ട: സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുന്ന സംസ്ഥാനത്ത് ദേശീയപാത ഉള്‍പ്പടെയുള്ളവയുടെ വികസനത്തിന് ബഹുനില റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മല്ലപ്പള്ളിചെറുകോല്‍പ്പുഴകോഴഞ്ചേരി റോഡ് തീയാടിക്കല്‍ ജംഗ്ഷനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡുകളുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം. ഈ സാഹചര്യം നേരിടുന്നതിന് നിലവിലുള്ള ഏകമാര്‍ഗം ഒന്നിലധികം നിലകളിലായി റോഡുകള്‍ പണിയുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ സാധ്യതകള്‍ സംബന്ധിച്ച് പഠനം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുള്ളതായും പരീക്ഷണം എന്ന നിലയില്‍ ദേശീയപാതയില്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ ഇത്തരത്തില്‍ റോഡ് നിര്‍മിക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാണ രീതികളില്‍ പുതിയൊരു സംസ്‌കാരം കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റോഡിന്റെ വീതി പൂര്‍ണമായും എടുത്ത് നിര്‍മാണം നടത്തുകയാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ റോഡുകളില്‍ ഇലക്ട്രിക് പോസ്റ്റുകളും മറ്റും ഗതാഗത തടസം ഉണ്ടാകത്തക്കവിധം ഇട്ടിരിക്കുന്ന സാഹചര്യമുണ്ട്. വകുപ്പുകള്‍ തമ്മിലുള്ള അശാസ്ത്രീയ ബന്ധമാണ് ഇതിന് കാരണം. ഇത്തരം നടപടികളില്‍ തിരുത്തലുകള്‍ വരുത്താന്‍ എല്ലാ വകുപ്പുകളും തയാറാകണം. മരാമത്ത് റോഡുകള്‍ ജനങ്ങളുടെ വകയാണ് എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണം. റോഡുകളില്‍ സ്വകാര്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതുമായ ശീലം ഉപേക്ഷിക്കണം. കേരളത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ ഹൈവേ നിയമത്തിന്റെ പരിധിയില്‍ വരും. ഇത്തരം റോഡുകളില്‍ സ്വകാര്യ വ്യക്തികള്‍ ഇറക്കിയിട്ടുള്ള നിര്‍മാണ സാമഗ്രികളും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും കണ്ടുകെട്ടുന്നതിന് സര്‍ക്കാരിന് അധികാരമുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മാധ്യമങ്ങള്‍ പുതിയൊരു റോഡ് സംസ്‌കാരത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് തയാറാകണം. പലപ്പോഴും അപകടങ്ങളുടെ കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയും ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതുമാണ്. ഇത്തരത്തില്‍ വീഴ്ചവരുത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ആയിരത്തോളം പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. റോഡ് നിര്‍മാണത്തിന് താല്‍ക്കാലികമായി ടാര്‍ മിക്‌സിംഗ് പ്ലാന്റുകള്‍ സ്ഥാപിക്കേണ്ടിവരും. കുറഞ്ഞ കാലത്തേക്ക് സ്ഥാപിക്കുന്ന ഇത്തരം പ്ലാന്റുകള്‍ക്കെതിരെ നടത്തുന്ന സമരങ്ങള്‍ റോഡ് നിര്‍മാണത്തെ തടസപ്പെടുത്തും. കരിയും പുകയുമില്ലാത്ത ജര്‍മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത അത്യാധുനികമായ റോഡ് നിര്‍മാണ യന്ത്രങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന് 16 കിലോമീറ്ററോളം റോഡ് നിര്‍മിച്ചു കഴിഞ്ഞു. ഇത്തരം ആധുനിക റോഡ് നിര്‍മാണ യന്ത്രങ്ങള്‍ ഇന്ത്യയില്‍ ആകെ മൂന്ന് എണ്ണമാണ് ലഭ്യമായിട്ടുള്ളതെന്നും ഇതില്‍ ഒരെണ്ണം എത്തിച്ചാണ് പരീക്ഷണാടിസ്ഥാനത്തില്‍ 16 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചത്.
Discussion about this post