തിരുവനന്തപുരം: മുക്കോല-കാരോട് നാലുവരിപ്പാതയുടെ നിര്‍മാണം അടുത്ത ജൂണില്‍ പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യാനാവുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും ദുഷ്‌കരവും കൂടുതല്‍ സമയമെടുക്കുന്നതുമായ ജോലികള്‍ പൂര്‍ത്തിയായി. ഇനിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ മുന്നോട്ട് പോകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കി.
റോഡുകളുടെ ലെവലിങ്ങിനും അലൈന്‍മെന്റിനുമാണ് കൂടുതല്‍ സമയം ആവശ്യമുള്ളത്. മുക്കോല മുതല്‍ കാരോട് വരെ 16.2 കിലോമീറ്ററിലാണ് പാതയുടെ നിര്‍മാണം പുരോഗമിക്കുന്നത്. ഇതിന് 497 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതില്‍ ഒരു പാലവും ആറ് അടിപ്പാതകളും മേല്‍പ്പാലവും ഉള്‍പ്പെടുന്നു. ഇവയുടെ നിര്‍മാണവും ദ്രുതഗതിയില്‍ നടക്കുകയാണ്.
നെയ്യാറിന് കുറുകെയാണ് പ്രധാനപാലം വരുന്നത്. ഇതിന്റെ നിര്‍മാണം തുടക്കത്തിലാണ്. പുതിയ പാത കടന്നുപോകുന്ന ഭാഗങ്ങളില്‍ ഇരുപത്തിയാറോളം തോടുകളുണ്ട്. ഇവയില്‍ ഇരുപതോളം തോടുകളുടെ പണികള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ പാര്‍ശ്വഭിത്തികളുടെ കോണ്‍ക്രീറ്റിങ്ങാണ് പ്രധാനമായും നടക്കുന്നത്. ഒരുമാസത്തിനകം ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. ഈ റോഡ് കമ്മിഷന്‍ ചെയ്തുകഴിഞ്ഞാല്‍ ദേശീയപാതയില്‍ അനുഭവപ്പെടുന്ന ഗതാഗതതടസ്സം പൂര്‍ണ്ണമായും ഇല്ലാതാകും.












