പാലക്കാട് : മിസോറാം ലോട്ടറിയുടെ പാലക്കാട് ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് കോടിയിലേറെ ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുത്തു. അനധികൃതമായി മിസോറം ലോട്ടറി വിറ്റ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോട്ടറിവില്‍പ്പന നടത്തിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പാലക്കാട് കസബ പൊലീസ് ഗോഡൗണില്‍ റെയ്ഡ് നടത്തിയത്. പിടിയിലായവര്‍ 18 ലക്ഷം ടിക്കറ്റുകള്‍ വിറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പിടിച്ചെടുത്ത രേകള്‍ ജിഎസ്ടി അധികൃതരും പൊലീസും പരിശോധിച്ചു വരികയാണ്. ടീസ്റ്റ എന്ന മൊത്തവിതരണക്കാരാണ് കേരളത്തില്‍ മിസോറം ലോട്ടറിയുടെ വിതരണക്കാര്‍. ഓഗസ്റ്റ് ഏഴു മുതല്‍ മിസോറാം ലോട്ടറിയുടെ നറുക്കെടുപ്പ് കേരളത്തില്‍ ആരംഭിക്കുമെന്ന് പരസ്യമുണ്ടായിരുന്നു.
കേരളം തുരത്തിയോടിച്ച സാന്റിയാഗോ മാര്‍ട്ടിനാണ് ഇതിന് പിന്നിലെന്നും, നിയമവിരുദ്ധമായി വിതരണം നടത്താനുള്ള നീക്കത്തെക്കുറിച്ച് അന്വേഷിക്കാനും ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിര്‍ദേശം നല്‍കിയിരുന്നു. മിസോറാം ലോട്ടറി നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്നും തോമസ് ഐസക് പറഞ്ഞു.












