തിരുവനന്തപുരം: ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് മുമ്പ് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മനുഷ്യാവകാശ സംരക്ഷണ ക്ലബുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചു. കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത വകുപ്പുമേധാവികളുടെ യോഗത്തിലാണ് തീരുമാനം.
ഇക്കൊല്ലത്തെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മനുഷ്യാവകാശ സംരക്ഷണ ക്ലബുകള്‍ രൂപീകരിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സൂകൂളുകളില്‍ ക്ലബ് രൂപീകരിക്കും. ഇത്തരമൊരു സംരംഭം രാജ്യത്ത് ആദ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും മനുഷ്യാവകാശ സംരക്ഷണപ്രവര്‍ത്തനങ്ങളെ കുറിച്ച് അവബോധം നല്‍കാനും യോഗം തീരുമാനിച്ചു. നിയമത്തില്‍ അധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കാനുള്ള യത്‌നത്തിന്റെ ഭാഗമായാണ് മനുഷ്യാവകാശ സംരക്ഷണ ക്ലബുകള്‍ രൂപീകരിക്കുന്നതെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് പറഞ്ഞു.
പദ്ധതിയുടെ പ്രവര്‍ത്തനരൂപരേഖ ഓഗസ്റ്റ് 30 ന് വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പധ്യക്ഷന്‍മാര്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കും. സെപ്റ്റംബറില്‍ രണ്ടാംഘട്ട കൂടിയാലോചനകളും ക്ലബ് രൂപീകരണപ്രവര്‍ത്തനങ്ങളും ആരംഭിക്കും.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, സാമൂഹ്യനീതി വകുപ്പു ഡയറക്ടര്‍ ടി.വി. അനുപമ, മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി എസ്.എച്ച് ജയകേശന്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ പ്രൊഫ. എ. ഫാറൂഖ്, പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി കെ. ജോസ്, ഹയര്‍ സെക്കന്ററി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എസ് സത്യന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.












