കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന്‍ ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയുള്ള കുറ്റപത്രം സിബിഐ കോടതി സ്വീകരിച്ചു. ഗൂഢാലോചന കുറ്റമാണ് ജയരാജനടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ നവംബര്‍ 16ന് ജയരാജന്‍ വിചാരണ കോടതിയില്‍ ഹാജരാകണം.
യുഎപിഎ പ്രകാരം കേസെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ടാണ് സിബിഐ കോടതി നടപടി. യുഎപിഎ സംബന്ധിച്ച ആക്ഷേപങ്ങള്‍ വിചാരണയ്ക്കിടെ ഉന്നയിക്കാന്‍ പ്രതിഭാഗത്തിന് അവസരമുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ജയരാജന്‍ ഉള്‍പ്പെടെ 6 പ്രതികള്‍ക്ക് നോട്ടീസയച്ച കോടതി ജയരാജന്‍ നവംബര്‍ 16 ന് ഹാജരാകണമെന്നും നിര്‍ദ്ദേശം നല്‍കി. നേരത്തെ സാങ്കേതിക പ്രശ്‌നങ്ങളാല്‍ രണ്ട് തവണ കുറ്റപത്രം സ്വീകരിക്കുന്നത് കോടതി നീട്ടിവച്ചിരുന്നു.
അതേസമയം കേസിലെ 25-ാം പ്രതിയായ പി. ജയരാജനെക്കൂടാതെ പയ്യന്നൂരിലെ സിപിഎം മുന്‍ ഏരിയാ സെക്രട്ടറി ടി.എ. മധുസൂധനന്‍, റെജിലേഷ്, ഷജിലേഷ്, മഹേഷ് എന്നിവരാണ് മറ്റ് പ്രതികള്‍. പി.ജയരാജന് മനോജിനോടുള്ള വ്യക്തി വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്ന കുറ്റപത്രത്തില്‍ കൊലയാളി സംഘത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കി,ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും കലാപത്തിനും സംഘര്‍ഷത്തിനും വഴിമരുന്നിടുകയും ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ഉള്ളത്. തന്റെ വലംകൈയ്യായ വിക്രമന് സഹായത്തിനായി കേസിലെ മറ്റ് പ്രതികളെ ഒപ്പം നല്‍കിയത് ജയരാജനാണെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.












