കൊച്ചി: നടന്‍ ദിലീപിന് ഉപാധികളോടെ ജാമ്യം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം 85 ദിവസമായി റിമാന്‍ഡിലായിരുന്ന താരത്തിന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ രണ്ടു തവണയും ജാമ്യം നിഷേധിച്ച ജസ്റ്റീസ് സുനില്‍ പി. തോമസാണ് മൂന്നാം ഹര്‍ജിയില്‍ ജാമ്യം അനുവദിച്ചത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം 19-നാണ് നടന്‍ ജാമ്യം തേടി മൂന്നാമതും ഹൈക്കോടതിയെ സമീപിച്ചത്.
ഉപാധികളോടെയാണ് താരത്തിന് ജാമ്യം നല്‍കിയിരിക്കുന്നത്. പാസ്‌പോര്‍ട്ട് ഏഴ് ദിവസത്തിനകം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം വേണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് കോടതി ജാമ്യത്തിനായി മുന്നോട്ടുവച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് ലഭിച്ചാലുടല്‍ ജയിലില്‍ നിന്നും താരത്തിന് പുറത്തിറങ്ങാം.
അഞ്ചാം തവണയും ജാമ്യ ഹര്‍ജിയുമായി എത്തിയപ്പോള്‍ സാഹചര്യങ്ങള്‍ മാറിയോ എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ആദ്യം ചോദിച്ചത്. പിന്നീട് നടന്ന വാദത്തില്‍ പോലീസ് ജാമ്യം നിഷേധിക്കാന്‍ ബോധപൂര്‍വം കാരണങ്ങള്‍ ഉണ്ടാക്കുകയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലും എന്ത് കുറ്റമാണ് ചെയ്തതതെന്ന് വ്യക്തമാക്കുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. കേസ് അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്നും ജാമ്യം ലഭിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുന്ന ഉപാധികള്‍ സ്വീകരിക്കാമെന്നുമുള്ള ദിലീപിന്റെ വാദവും കോടതി അംഗീകരിച്ചു.
Discussion about this post