തിരുവനന്തപുരം: ബഹിരാകാശ ഗവേഷണ രംഗത്ത് വികസിത രാജ്യങ്ങള്‍ക്കു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത് വിക്രം സാരാഭായ് സ്‌പേസ് സെന്ററാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐ.എസ്.ആര്‍.ഒ സംഘടിപ്പിച്ച ലോക ബഹിരാകാശ വാരാഘോഷം കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണ്ടുകാലത്ത് നമ്മുടെ നാട്ടില്‍ അന്ധവിശ്വാസങ്ങളും മറ്റും നിലനിന്നിരുന്നു. നാടിനെ പഴയ കാലത്തേക്ക് മടക്കിക്കൊണ്ടുപോകാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നില്ലേയെന്ന് സംശയമുണ്ട്. അതിനെതിരെ ശാസ്ത്രലോകമുള്‍പ്പെടെ ജാഗ്രത പാലിക്കണം. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമായി നാം വികസിപ്പിച്ച ഉപഗ്രഹങ്ങള്‍ ജനങ്ങളുടെ ജീവിതത്തിന്റെ വിവിധ മേഖലകളിലും പലതരത്തില്‍ സഹായിക്കുന്നു. മത്‌സ്യബന്ധനം, ഭൂവിനിയോഗം, വനമേഖലകളുടെ അതിര്‍ത്തി നിര്‍ണയം, ജലസ്രോതസുകള്‍ കണ്ടെത്തി ജലസേചനത്തിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലുള്‍പ്പെടെ വ്യത്യസ്ത മേഖലകളില്‍ കേരളത്തിന് ഉപഗ്രഹ സഹായം ലഭിക്കുന്നു. ആശുപത്രികളെയും ചികിത്‌സാ വിദഗ്ധരെയും ബന്ധിപ്പിച്ച് ടെലിമെഡിസിന്‍ സംവിധാനം സാധ്യമായത് ശാസ്ത്ര മേഖലയുടെ സഹായത്താലാണ്. ഗ്രാമീണമേഖലയുടെ വികസനം രൂപപ്പെടുത്താനും നടപ്പാക്കാനും വിഭവഭൂപടം തയ്യാറാക്കാനും ഉപഗ്രഹങ്ങള്‍ സഹായിക്കുന്നുണ്ട്. ശാസ്ത്രഗവേഷണ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുക, ബഹിരാകാശ ഗവേഷണ രംഗത്തെ ഫലങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ജനങ്ങളെ ബോധവത്കരിക്കുക, സുസ്ഥിര വികസനത്തിന് ബഹിരാകാശ ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ലോക ബഹിരാകാശ വാരം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. കെ. ശിവന്‍ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, എല്‍.പി.എസ്.സി ഡയറക്ടര്‍ എസ്. സോമനാഥ്, ഐ.പി.ആര്‍.സി ഡയറക്ടര്‍ എസ്. പാണ്ഡ്യന്‍, ഐ.ഐ.എസ്.യു ഡയറക്ടര്‍ ഡി. സാം ദയല ദേവ്, ഐ.എസ്.ആര്‍.ഒ സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റം പ്രോഗ്രാം ഡയറക്ടര്‍ അയ്യപ്പന്‍, വി.എസ്.എസ്.സി ചീഫ് കണ്‍ട്രോളര്‍ ഡോ. ബിജു ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post