തിരുവനന്തപുരം: ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി ഹിന്ദു മഹാസമ്മേളനത്തിന് ഏപ്രില്‍ 11 നു തിരിതെളിയും. അയോദ്ധ്യാനഗരിയാകുന്ന ആശ്രമത്തില്‍ പ്രത്യേകം തയ്യാറാക്കിയ സമ്മേളനപ്പന്തലില്‍ രാവിലെ ശ്രീ നീലകണ്‌ഠഗുരുസുപ്രഭാതത്തോടെയും ധ്വജാരോഹണത്തോടെയും ആരംഭിക്കുന്ന സമ്മേളന പരിപാടികള്‍ ഏപ്രില്‍ 21നു വ്യാഴാഴ്‌ച പണിമൂല ദേവീക്ഷേത്രത്തില്‍ വച്ചു നടക്കുന്ന ആറാട്ടോടുകൂടി പര്യവസാനിക്കും.
ഏപ്രില്‍ 11നു വൈകുന്നേരം 6.30ന് നടക്കുന്ന ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാനജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഉദ്‌ഘാടനം ചെയ്യും. ആശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അദ്ധ്യക്ഷതവഹിക്കും. ഈ.എന്‍. ഈശ്വരന്‍ പ്രബന്ധം അവതരിപ്പിക്കും. ഏപ്രില്‍ 12നു ശ്രീരാമനവമി ദിവസം കിഴക്കേക്കോട്ട അഭേദാശ്രമത്തില്‍ വച്ച് ശ്രീരാമനവമി സമ്മേളനവും തുടര്‍ന്ന് പാളയം ശ്രീ ഹനുമത് ക്ഷേത്രത്തിലേക്ക് പാദുകസമര്‍പ്പണ ശോഭായാത്രയും നടക്കും. രാത്രി ആശ്രമത്തില്‍ രഥത്തില്‍ അഭിഷേകവും ശ്രീരാമപട്ടാഭിഷേകവും ഉണ്ടാകും. ഏപ്രില്‍ 13 മുതലുളള ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ വൈദിക സമ്മേളനം, രാമായണ സമ്മേളനം, ചരിത്ര സമ്മേളനം, മഹിളാ സമ്മേളനം, ശ്രീ സത്യാനന്ദഗുരു സമീക്ഷ, സംസ്‌കൃത സമ്മേളനം, സാഹിത്യ സമ്മേളനം, വിശ്വശാന്തി സമ്മേളനം എന്നിവ നടക്കും. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, മുന്‍ ചീഫ്‌സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍, ഡോ. എം. സാംബശിവന്‍, ഡോ. പി.ശ്യാമളാദേവി, അഡ്വ. എം.എ. വാഹിദ് എം.എല്‍.എ, ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ (പങ്കജകസ്‌തൂരി), ശ്രീ പി. നാരായണക്കുറുപ്പ്, ഡോ. കാന്തള്ളൂര്‍ സി. പൗലോസ്, പ്രൊഫ. കെ. രാഘവന്‍ നായര്‍, ഡോ. റ്റി.പി ശങ്കരന്‍കുട്ടി നായര്‍, ഡോ. കെ. ജയപ്രസാദ്, ബ്രഹ്മചാരിണി നമിതാ ചൈതന്യ, ഡോ. പി.ബി. ശാന്താദേവി, പ്രൊഫ. എല്‍.ജയന്തിപിള്ള,
പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, ഡോ. വിളക്കുടി രാജേന്ദ്രന്‍, കെ. മഹേശ്വരന്‍ നായര്‍, ഡോ. എ.എം. ഉണ്ണിക്കൃഷ്‌ണന്‍, പ്രൊഫ. ചെങ്കല്‍ സുധാകരന്‍, ഡോ. പി. ശ്യാമളാദേവി മുതലായവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും. ഏപ്രില്‍ 20ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് വിശ്വശാന്തി സമ്മേളനം ഉദ്‌ഘാടനം ചെയ്യും.
ഏപ്രില്‍ 13 മുതല്‍ എല്ലാ ദിവസവും പകല്‍ സമയത്ത് രാമായണനവാഹയജ്ഞം നടക്കും. ശ്രീരാമനവമി മഹോത്സവത്തിന് ആശ്രമം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയും ബ്രഹ്മചാരി സായിസമ്പത്തും നേതൃത്വം നല്‍കും.
Discussion about this post