തിരുവനന്തപുരം: ശ്രീരാമദാസ മിഷന് യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ മുന്നോടിയായുളള ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 4ന് കൊല്ലൂര്‍ ശ്രീ മൂകാംബികാ ദേവീക്ഷേത്രസന്നിധിയില്‍നിന്ന് ആരംഭിക്കും. ശ്രീ മൂകാംബികാദേവിയുടെ ശ്രീകോവിലില്‍നിന്ന് മുഖ്യതന്ത്രി പകര്‍ന്നു നല്കുന്ന ജ്യോതി ശ്രീരാമദാസാശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് രഥപരിക്രമണത്തിന് തുടക്കം കുറിക്കും. ശ്രീരാമായണത്തിന്റെ ആദ്ധ്യാത്മികമായ ആന്തരികസത്ത ജനഹൃദയങ്ങളിലെത്തിക്കുക എന്ന സന്ദേശവുമായാണ് രഥയാത്ര നടത്തുന്നത്.
ക്ഷേത്ര മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള ശ്രീരാമരഥത്തില്‍ പഞ്ചലോഹനിര്‍മ്മിതമായ ശ്രീരാമസീത ആഞ്ജനേയ വിഗ്രഹം, ശ്രീരാമപാദുകം, ചൂഡാരത്നം, ശ്രീരാമദാസാശ്രമ സ്ഥാപകാചാര്യന്‍ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെയും ഛായാചിത്രങ്ങള്‍ എന്നിവ നിത്യാരാധനയ്ക്കും ദര്‍ശനത്തിനുമായി ഉണ്ടാകും.
മാര്‍ച്ച് 4ന് ദക്ഷിണ കര്‍ണ്ണാടകം, 5ന് കാസര്‍ഗോഡ്, 6,7 തീയതികളില്‍ കണ്ണൂര്‍, 8ന് വയനാട്, 9,10 തീയതികളില്‍ കോഴിക്കോട്, 11,12 തീയതികളില്‍ മലപ്പുറം, 13ന് പാലക്കാട്-തൃശ്ശൂര്‍, 14ന് തൃശ്ശൂര്‍-എറണാകുളം, 15ന് എറണാകുളം, 16ന് ഇടുക്കി, 17ന് ഇടുക്കി-പത്തനംതിട്ട, 18ന് കോട്ടയം 19ന് ആലപ്പുഴ, 20ന് കൊല്ലം, 21ന് തിരുവനന്തപുരം കിളിമാനൂര്‍ വഴി നെടുമങ്ങാട്, കാട്ടാക്കട, 22ന് കന്യാകുമാരിയിലും 23ന് കന്യാകുമാരിയില്‍നിന്ന് തിരികെയെത്തി തിരുവനന്തപുരത്തും പര്യടനം നടത്തും. 24ന് ശ്രീനീലകണ്ഠപുരത്ത് പര്യടനം. രഥയാത്ര ശ്രീരാമനവമി ദിവസമായ 25ന് ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ സമാപിക്കും.
എല്ലാ ജില്ലകളിലും രഥയാത്ര സമാപനകേന്ദ്രത്തിലും ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനങ്ങള്‍ നടക്കും. മന്ത്രിമാര്‍, വിവിധ ഹൈന്ദവ സംഘടനനേതാക്കള്‍, ആദ്ധ്യാത്മികാചാര്യന്മാര്, വിവിധ മഠങ്ങളിലെ സന്ന്യാസി ശ്രേഷ്ഠന്മാര്, രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നായകന്മാര് തുടങ്ങിയവര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 6 വരെ ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദു മഹാസമ്മേളനവും ശ്രീരാമായണ നവാഹയജ്ഞവും ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post