തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്താനിരുന്ന സമരവും ലോംഗ്മാര്‍ച്ചും പിന്‍വലിച്ചു. ശമ്പള പരിഷ്‌കരണ ഉത്തരവ് ഇറങ്ങിയത് പരിഗണിച്ചാണ് ഇത്. അടുത്ത ദിവസം മുതല്‍ എല്ലാവരും ഡ്യൂട്ടിയില്‍ കയറുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി വൈകി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അലവന്‍സുകള്‍ കുറച്ച നടപടി നിയമപരമായി നേരിടുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. അടിസ്ഥാന ശമ്പളം കൂട്ടിയിട്ടും സമരം ചെയ്താല്‍ ജനവികാരം എതിരാകുമെന്ന വിലയിരുത്തലിനേത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്നാണ് സൂചന.
244 ദിവസമായി തുടരുന്ന ചേര്‍ത്തല കെവിഎം അശ്രുപത്രി സമരം അവസാനിപ്പിക്കുന്നതിനായുളള നിയമ പോരാട്ടം ശക്തമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന വര്‍ധനവ് കുറവാണെന്നും വിജ്ഞാപനം നഴ്‌സുമാരോടുള്ള വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടി സമരവുമായി മുന്നോട്ട് പോകുമെന്നാണ് നേരത്തെ ഭാരവാഹികള്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ വേതനം പുതുക്കി നിശ്ചയിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച വൈകീട്ടാണ് അന്തിമ വിജ്ഞാപനമിറക്കിയത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയായിരുന്നു വിജ്ഞാപനം. നിയമവകുപ്പ് സെക്രട്ടറി ഒപ്പുവെച്ച വിജ്ഞാപനം ലേബര്‍ കമ്മിഷണര്‍ എ. അലക്‌സാണ്ടറാണ് പുറപ്പെടുവിച്ചത്.












