തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ ആസ്പത്രികളിലായി നൂറിലധികം ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. സ്‌പെഷ്യാലിറ്റി, അഡ്മിനിസ്‌ട്രേറ്റീവ് കേഡറുകളിലാണ് ഒഴിവുകള്‍ ഏറെയും. ഇതുകാരണം പല സ്‌പെഷ്യാലിറ്റികളിലും ഡോക്ടര്‍മാര്‍ ഇല്ലാത്ത സ്ഥിതിയാണ്. ആരോഗ്യ വകുപ്പില്‍ മാര്‍ച്ച് 31-ലെ കൂട്ടവിരമിക്കലിനുശേഷം നിയമനവും സ്ഥാനക്കയറ്റവും നടത്താന്‍ വൈകുന്നതാണ് കാരണം.
സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ പല ആസ്പത്രികളിലും ശസ്ത്രക്രിയകളും മറ്റും മാറ്റിവയ്ക്കുകയാണ്. ചില ആസ്പത്രികളില്‍ സ്വകാര്യ ഡോക്ടര്‍മാരുടെ സേവനം ഉപയോഗിക്കുന്നുമുണ്ട്. എന്‍.ആര്‍.എച്ച്.എം.ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഇങ്ങനെ ചെയ്യുന്നത്. ഫണ്ട് ഇല്ലാത്ത ആസ്പത്രികളില്‍ പുറത്തുനിന്ന് ഡോക്ടറെ വിളിക്കാനുള്ള ചെലവ് രോഗികള്‍തന്നെ വഹിക്കേണ്ടി വരുന്നു. ചെലവുവഹിക്കാന്‍ വിസമ്മതം പറയുന്ന രോഗികളെ മറ്റ് ആസ്പത്രികളിലേക്ക് റഫര്‍ ചെയ്യുന്നതായും പരാതിയുണ്ട്.
സ്‌പെഷ്യാലിറ്റി കേഡറില്‍ അന്‍പതോളം ഒഴിവുകളും അഡ്മിനിസ്‌ട്രേറ്റീവ് കേഡറില്‍ 32 ഒഴിവുകളുമാണ് ഉള്ളത്. ജനറല്‍ കേഡറിലും മുഴുവന്‍ ഒഴിവുകളും നികത്തിയിട്ടില്ല. ഒഴിവുകള്‍ക്ക് ആനുപാതികമായ സ്ഥാനക്കയറ്റവും നടക്കാനുണ്ട്.
അതേസമയം മെഡിക്കല്‍ കോളേജുകളില്‍ ഇത്തരത്തില്‍ വന്ന ഒഴിവുകള്‍ കാലതാമസമില്ലാതെ നികത്തിയിരുന്നു. കൂട്ടവിരമിക്കലില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ നികത്താനുള്ള പട്ടിക ഈ മാസം എട്ടിന് പുറത്തിറങ്ങുമെന്നായിരുന്നു നേരത്തെ ആരോഗ്യ വകുപ്പ്അധികൃതര്‍ പറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കാരണം പിന്നീട് ഇത് പതിനാറിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ശനിയാഴ്ചയും നിയമനം നടന്നിട്ടില്ല. ഈ മാസം അവസാനവാരത്തോടെ മാത്രമേ നിയമനപ്പട്ടിക പുറത്തിറങ്ങാനിടയുള്ളൂവെന്നാണ് അനൗദ്യോഗിക വിവരം. നേരത്തേ തയ്യാറാക്കിയ പട്ടികയില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ളതിനാലാണിത്.
Discussion about this post